ലോസാഞ്ചലസ്: നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ തിളക്കത്തിന് പിന്നാലെ, മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ രാജ്യാന്തര വേദിയിലും ശ്രദ്ധേയമാകുന്നു. സിനിമ ലോസ് ആഞ്ചല്‍സിലെ പ്രശസ്തമായ ഓസ്കര് അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
അക്കാദമി മ്യൂസിയത്തിന്റെ ‘വേര് ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ’ (Where the Forest Meets the Sea) എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിക്കുന്ന ഏക ഇന്ത്യന്‍ സിനിമ എന്ന ഖ്യാതി ഇതോടെ ‘ഭ്രമയുഗം’ സ്വന്തമാക്കിയിരിക്കുകയാണ്.

ഭ്രമയുഗം ടീമിന്റെ ഒരു വമ്പന്‍ അപ്ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്രന് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പിന്നാലെ സംവിധായകന് രാഹുല്‍ സദാശിവം അതിന് മറുപടിയുമായി എത്തി. ഇത് ചതിയാണെന്നും രാത്രി 10:30ന് പുറത്തുവിടാന്‍ ഇരുന്ന കാര്യമല്ലേ സര് എന്നും പറഞ്ഞു. തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്നാണ് നിര്‍മാതാവ് ചക്രവര്‍ത്തി പറഞ്ഞത്.
ഇരുവരുടെയും ഈ ‘എക്സ്’ തര്‍ക്കത്തിന് പിന്നാലെ, ചിത്രം കളര്‍ പ്രിന്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും അതല്ലെങ്കില്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമായിരിക്കും വരുന്നതെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പടര്‍ന്നു. ഒടുവിലാണ് ‘ഭ്രമയുഗം’ ഓസ്കര് അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന ഔദ്യോഗിക വിവരമെത്തിയത്.
