Sunday, November 16, 2025

നായികയുടെ ഭാരമെത്രയെന്ന് നായകനോട് ചോദ്യം; യൂട്യൂബറോട് പൊട്ടിത്തെറിച്ച് നായിക ഗൗരി കിഷന്‍

ചെന്നൈ: തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷന്‍ പരിപാടിക്കിടെ ബോഡി ഷെയ്മിങ് ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ക്ക് ചുട്ട മറുപടി നല്‍കി നടി ഗൗരി കിഷന്‍. ചോദ്യം വിഡ്ഢിത്തമാണെന്നും, ഇത്തരം ചോദ്യങ്ങള്‍ സാധാരണവല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നും ഗൗരി തുറന്നടിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രസ് മീറ്റ് വലിയ വാഗ്വാദത്തിലേക്ക് വഴിമാറി.

സിനിമയിലെ നായികയായ ഗൗരിയെ എടുത്തുയര്‍ത്തുന്ന ഒരു ഗാനരംഗത്തെക്കുറിച്ച് സൂചിപ്പിച്ച യൂട്യൂബര്‍, ‘ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടായിരുന്നോ, ഭാരം എത്രയായിരുന്നു?’ എന്ന് നായകനോട് ചോദിക്കുകയായിരുന്നു. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യമാണെന്നും ബോഡിഷെയ്മിങ് ആണെന്നും പറഞ്ഞ് ഗൗരി ഉടന്‍ തന്നെ പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതെ വന്ന ഗൗരി, പിന്നീട് നടന്ന ചോദ്യോത്തര വേളയില്‍ യൂട്യൂബര്‍ വീണ്ടും ശബ്ദമുയര്‍ത്തി ചോദ്യത്തെ ന്യായീകരിച്ചതോടെ രോഷം പ്രകടിപ്പിച്ചു.

‘എന്റെ ശരീരഭാരം നിങ്ങള്‍ക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്?’ എന്ന് ചോദിച്ച ഗൗരി, ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണുള്ളതെന്നും വ്യക്തമാക്കി. തന്റെ കഴിവാണ് സംസാരിക്കേണ്ടതെന്നും അതിന് മറ്റൊരാളുടെ അംഗീകാരം ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗൗരിയുടെ വാക്കുകള്‍: ‘നിങ്ങള്‍ ഹീറോയോട് ചോദിച്ചു, നായികയെ നിങ്ങള്‍ എടുത്തുയര്‍ത്തി, അവര്‍ക്ക് എത്ര ഭാരം ഉണ്ടാകുമെന്ന്. എനിക്കത് തമാശയായി തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവല്‍ക്കരിക്കുന്നത് നിര്‍ത്തുക. ഇതെന്നെക്കുറിച്ചുള്ള ചോദ്യമാണ്, എനിക്കിതില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അന്ന് ഞാന്‍ മിണ്ടിയില്ല. നിങ്ങള്‍ക്കൊരു ബഹുമാനം തന്നു. പക്ഷേ ആ ചോദ്യം എന്നെ പിന്നീട് മാനസികമായി ബാധിച്ചു. എനിക്ക് ഹോര്‍മോണല്‍ പ്രശ്‌നങ്ങളുണ്ട്. ഞാന്‍ വണ്ണം വച്ചിരിക്കുകയായിരിക്കും, അതെന്റെ തീരുമാനമാണ്. ഈ വിഷയത്തില്‍ ഞാനല്ല നിങ്ങളാണ് മാപ്പ് പറയേണ്ടത്.’

താന്‍ മാത്രമാണ് അവിടെയുണ്ടായിരുന്ന ഏക സ്ത്രീ എന്നും, തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൗരി പറഞ്ഞു. ഹീറോയുടെ ശരീരഭാരം എന്താണെന്ന് ആരും ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും, സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഗൗരി യൂട്യൂബറോട് മാപ്പ് ആവശ്യപ്പെട്ടതോടെ പ്രസ് മീറ്റില്‍ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഈ ചോദ്യം രസകരമായാണ് ചോദിച്ചതെന്ന് യൂട്യൂബര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗൗരി അത് തള്ളിക്കളഞ്ഞു. ഈ തര്‍ക്കത്തിനിടെ യൂട്യൂബറും ചില മാധ്യമപ്രവര്‍ത്തകരും ഗൗരിക്കു നേരെ വലിയ ശബ്ദം ഉയര്‍ത്തിയത് ‘കൂട്ടമായി ആക്രമിക്കുന്നതുപോലെ’ അനുഭവപ്പെട്ടെന്ന് നടി പിന്നീട് പറഞ്ഞു.

ഏറെ ചര്‍ച്ചാവിഷയമായ ഈ സംഭവത്തില്‍, ഗൗരിക്ക് പിന്തുണ നല്‍കാതിരുന്ന സിനിമയുടെ സംവിധായകനും നായകനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, ബോഡി ഷെയ്മിങ് ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ ഗൗരിക്ക് നിറഞ്ഞ കയ്യടിയും ലഭിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!