Saturday, November 15, 2025

ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകള്‍ ഇന്ന് വല്ലാര്‍പാടത്ത്

എറണാകുളം: കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി.ഒ.സി.ഡി. സന്ന്യാസിനീ സഭയുടെ സ്ഥാപകയുമായ ധന്യ മദര്‍ ഏലീശ്വയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലാണ് ചരിത്രപരമായ പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്.

മദര്‍ ഏലീശ്വ മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളസഭയ്ക്ക് അഭിമാനകരമായ ഈ പദവി ലഭിക്കുന്നത്. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുക.

മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവെച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്.

ദിവ്യബലിക്കിടെ, മാര്‍പാപ്പയുടെ പ്രതിനിധി കൂടിയായ മലേഷ്യയിലെ പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി ചടങ്ങില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. ശേഷം മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിച്ചുകൊണ്ട് കേരളസഭയിലെ ആദ്യ സന്ന്യാസിനിയായി മദര്‍ ഏലീശ്വ അറിയപ്പെടുന്നു. കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്‌കൂളും ബോര്‍ഡിങ്ങും അനാഥമന്ദിരവും ആരംഭിച്ച് സ്ത്രീശാക്തീകരണത്തിന് അവര്‍ തുടക്കം കുറിച്ചു. പിന്നീട് 1890-ല്‍ രണ്ട് സന്ന്യാസിനി സഭകള്‍ക്കും അവര്‍ രൂപം നല്‍കി. 1913 ജൂലൈ 18-നാണ് മദര്‍ ഏലീശ്വ അന്തരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!