പാലക്കാട് ∙ ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യാത്ര പോയി മടങ്ങിയ മൂന്നു സുഹൃത്തുക്കൾ മരിച്ചു. ശനിയാഴ്‌ച രാത്രിയാണ് അപകടം. കാറിലുണ്ടായിരുന്ന 3 പേർക്കു സാരമായ പരുക്കേറ്റു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു കാർ. സുഹൃത്തുക്കളായ 6 പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാറിന് കുറുകെ വന്ന പന്നിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴായിരുന്നു അപകടം. ആദ്യം മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു. കാർ പൂർണമായും തകർന്നു. ആറുപേരെയും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെൃുത്തത്. സനൂഷ് വിദ്യാർഥിയാണ്.
