ഓട്ടവ : സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും തടയാൻ പുതിയ പദ്ധതിക്ക് രൂപം നൽകി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP). ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളെ സഹായിക്കുന്നതിനായി “Report Cybercrime and Fraud” എന്ന പേരിൽ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ആർസിഎംപി. വെബ്സൈറ്റ് വഴി ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പത്തിൽ വിവരം നൽകാനാകും. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് അവരുടെ പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ സ്ക്രീൻഷോട്ടുകളായി അപ്‌ലോഡ് ചെയ്യാൻ സാധിക്കും.

ഈ വെബ്സൈറ്റിലൂടെ കാനഡയിലുടനീളമുള്ള കേസുകൾ ഒരിടത്ത് ശേഖരിക്കാൻ സാധിക്കും. ഇതിലൂടെ സമാനമായ കേസുകൾ കണ്ടെത്താനും അവ അതിവേഗം പരിഹരിക്കാനുമാകുമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം മാത്രം കനേഡിയൻ പൗരന്മാർക്ക് സൈബർ കുറ്റകൃത്യങ്ങളിലൂടെയും മറ്റു തട്ടിപ്പുകളിലൂടെയും കോടിക്കണക്കിന് ഡോളറാണ് നഷ്ടപ്പെട്ടത്. എന്നാൽ, പലരും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ മടി കാണിക്കുന്നുണ്ടെന്നും ആർസിഎംപി അറിയിച്ചു. തട്ടിപ്പു കേസുകളിൽ അഞ്ച് മുതൽ പത്ത് ശതമാനം മാത്രമേ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. പുതിയ വെബ്സൈറ്റിലൂടെ കേസ് രജിസ്റ്റർ ചെയ്യുന്നത് ലളിതവും സുരക്ഷിതവുമാകുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
