മൺട്രിയോൾ : ഫ്രാൻസ്വ ലെഗോൾട്ട് സർക്കാരിന്‍റെ വിവാദ ബിൽ 2 പാസാക്കിയതിനെ തുടർന്ന്, കെബെക്കിൽ നിന്നും മറ്റു പ്രവിശ്യകളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെ എണ്ണം കുതിച്ചുയരുന്നു. ഒരു മാസത്തിനുള്ളിൽ കെബെക്കിൽ നിന്നും ഏകദേശം 300 ഡോക്ടർമാർ ഒൻ്റാരിയോയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ അപേക്ഷിച്ചു.

കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒൻ്റാരിയോ (CPSO) പ്രകാരം, ഒക്ടോബർ 23 മുതൽ ബുധനാഴ്ച രാവിലെ 9 മണി വരെ 285 കെബെക്ക് ഡോക്ടർമാരാണ് അപേക്ഷ സമർപ്പിച്ചത്. ജൂൺ മുതൽ ഒക്ടോബർ 22 വരെ ആകെ 19 അപേക്ഷകൾ മാത്രമായിരുന്നു ലഭിച്ചത്. അതേസമയം ഇതുവരെ എത്ര അപേക്ഷകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് CPSO വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ 1 മുതൽ എൺപതിലധികം കെബെക്ക് ഡോക്ടർമാരുടെ അപേക്ഷകൾ ലഭിച്ചതായി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ന്യൂബ്രൺസ്വിക് (CPSNB)യും അറിയിച്ചു.
