ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്തു. കാണ്‍പൂരില്‍ നിന്നാണ് അനന്ത്നാഗ് സ്വദേശിയായ മൊഹമ്മദ് ആരിഫ് എന്ന ഡോക്ടറെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഡോക്ടര്‍മാരുടെ എണ്ണം ആറായി.
കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എന്‍ഐഎ, ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. നെറ്റ്വര്ക്കില് രണ്ടിലേറെ ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം.

ഡിസംബര്‍ ആറിന് ചെങ്കോട്ടയില്‍ സ്ഫോടനം നടത്താനായിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിസഭ ഈ നീക്കത്തെ ഭീകര നീക്കമായി വിലയിരുത്തിയത്. ഉമര്‍ വാങ്ങിയ ചുവന്ന കാര്‍ ഉപയോഗിച്ചിരുന്നത് ഡോക്ടര്‍ സജാദ് മാലിക്കിന്റെ സുഹൃത്തായ മുസമീല്‍ ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധന ഫലം സ്ഥിരീകരിച്ചു.
ഭീകരര്‍ക്ക് തുര്‍ക്കിയില്‍ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തുര്‍ക്കിയിലെ ചിലര്‍ ഉമര്‍ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്. ഹരിയാനയില്‍ ഇതിനോടകം അമ്പതിലധികം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. അതിനിടെ, നേരത്തെ പിടിയിലായ പര്‍വ്വേസിനെ ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്.
