വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് സെനറ്റില്‍ ധനാനുമതി ബില്‍ പാസായതോടെയാണ് ഭരണസ്തംഭനത്തിന് വിരാമമായത്.
209 വോട്ടുകള്‍ക്കെതിരെ 222 വോട്ടുകള്‍ക്കാണ് ധനാനുമതി ബില്‍ സഭയില്‍ പാസായത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആറ് അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ടുചെയ്തത് ശ്രദ്ധേയമായി. ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഈ വോട്ടെടുപ്പിലൂടെ സാധിച്ചു. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ ഈ ബില്‍ നിയമമായി മാറും.

ഷട്ട്ഡൗണ്‍ സമയത്ത് നടന്ന എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കുന്നതും ഫെഡറല്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പാക്കുന്നതുമാണ് ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകള്‍. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡി വിഷയത്തില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷട്ട്ഡൗണ്‍ രാജ്യത്തെ വിവിധ മേഖലകളെ സാരമായി ബാധിച്ചെങ്കിലും വ്യോമയാന മേഖലയില്‍ ഉണ്ടായ പ്രതിസന്ധി അതിരൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 900 വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് അമേരിക്കയില്‍ അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ അടച്ചുപൂട്ടല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും പൊതുസേവനങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചു.
