ന്യൂഡല്‍ഹി: റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഗണ്യമായി കുറച്ചു. പകരമായി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറാഖ്, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം വാങ്ങാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലെ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നീ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ എണ്ണ ഇറക്കുമതിയില്‍ ഈ മാറ്റങ്ങള്‍ക്ക് കാരണമായത്. റഷ്യയുടെ ആകെ എണ്ണ കയറ്റുമതിയുടെ പകുതിയോളവും, ഇന്ത്യയിലേക്കുള്ള വിതരണത്തിന്റെ സിംഹഭാഗവും നടത്തിയിരുന്നത് ഈ കമ്പനികളായിരുന്നു.

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധം നവംബര്‍ 21 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ, ഇന്ത്യയും ചൈനയുമുള്‍പ്പെടെ റഷ്യന്‍ ഇന്ധനത്തെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ വിതരണം ഉറപ്പാക്കുന്നതിനായി തിരക്ക് കൂട്ടുകയാണ്. അതേസമയം, ഡിസ്‌കൗണ്ട് നിരക്കില്‍ റഷ്യന്‍ ഓയില്‍ ലഭിക്കാന്‍ മറ്റ് പഴുതുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.
യുഎസുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പരിഗണിച്ച് ഡിസംബറിലേക്കുള്ള ഓയില്‍ പര്‍ച്ചേസ് ഇന്ത്യന്‍ കമ്പനികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. പൊതുവെ, അടുത്ത മാസത്തേക്കുള്ള ഓര്‍ഡറുകള്‍ ഓരോ മാസവും 10-ാം തീയതിക്ക് മുമ്പാണ് നല്‍കേണ്ടത്. എന്നാല്‍, ഇന്ത്യയിലെ മുന്‍നിരയിലുള്ള അഞ്ച് എണ്ണക്കമ്പനികള്‍ ഡിസംബറിലേക്കുള്ള റഷ്യന്‍ ഇന്ധന ഓര്‍ഡറുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.
ഈ വര്‍ഷം ഇന്ത്യയിലെ ആകെ ക്രൂഡ് ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിര്‍വ്വഹിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ്, എച്ച്.പി.സി.എല്‍-മിത്തല്‍ എനര്‍ജി എന്നീ അഞ്ച് കമ്പനികളാണ് ഡിസംബറിലേക്കുള്ള ഓര്‍ഡറുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്.
