വാഷിങ്ടണ്‍: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം ഇന്ത്യ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ സംഘത്തെ റൂബിയോ അഭിനന്ദിക്കുകയും ചെയ്തു.
അന്വേഷണത്തില്‍ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും റൂബിയോ പറഞ്ഞു. ‘ഞങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തരം അന്വേഷണങ്ങള്‍ക്ക് അവര്‍ പ്രാപ്തിയുള്ളവരാണ്. അവര്‍ക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല. അവര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ട്”.

ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സംഭാഷണത്തില്‍ ഡല്‍ഹിയിലെ സ്ഫോടനവും വിഷയമായിരുന്നു.
നവംബര്‍ 10-ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികള്‍ക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്ന് പ്രശംസ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം വരുന്നത്.
