ലണ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തതില്‍ ബിബിസി മാപ്പ് പറഞ്ഞു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സമീര്‍ ഷാ, വൈറ്റ് ഹൗസിലേക്ക് വ്യക്തിപരമായ കത്തയച്ച് ക്ഷമാപണം നടത്തിയതായി ബിബിസി പ്രസ്താവനയില്‍ അറിയിച്ചു. എങ്കിലും, ട്രംപ് ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനുള്ള ആവശ്യം ബിബിസി തള്ളി.
‘പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ കാണിക്കുന്നതിനു പകരം, പ്രസംഗത്തിന്റെ ഒറ്റ തുടര്‍ച്ചയായ ഭാഗമാണ് കാണിക്കുന്നത് എന്ന പ്രതീതി എഡിറ്റിംഗ് വഴി സൃഷ്ടിച്ചു എന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഇത് പ്രസിഡന്റ് ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന തെറ്റായ ധാരണ നല്‍കി,’ ബിബിസി തങ്ങളുടെ തിരുത്തല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസ്തുത ഡോക്യുമെന്ററി ഇനി ഒരു പ്ലാറ്റ്ഫോമിലും വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിബിസി കൂട്ടിച്ചേര്‍ത്തു. വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയില്‍ കോര്‍പ്പറേഷന് ആത്മാര്‍ത്ഥമായി ഖേദമുണ്ടെങ്കിലും, അപകീര്‍ത്തി കേസിന് അടിസ്ഥാനമുണ്ടെന്ന വാദത്തോട് ശക്തമായി വിയോജിക്കുന്നതായും ബിബിസി അറിയിച്ചു.

ട്രംപിന്റെ നിയമോപദേശകര്‍ ഇതുവരെ ബിബിസിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടില്ലെന്ന് വ്യാഴാഴ്ച അറിയിച്ചു. 2021-ല്‍ അനുയായികള്‍ കാപ്പിറ്റോളില്‍ അതിക്രമിച്ചു കയറിയ ദിവസത്തെ ട്രംപിന്റെ പ്രസംഗം ബിബിസി എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ വൈറ്റ് ഹൗസ് ഉന്നയിച്ച വാദത്തെ തള്ളിക്കൊണ്ടാണ് അഭിഭാഷകരുടെ ഈ പ്രസ്താവന. ക്ഷമാപണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ട്രംപ് ഞായറാഴ്ച ബിബിസിക്ക് കത്തയച്ചതിന് പിന്നാലെയാണ് സംഭവം.
ട്രംപിന്റെ പുറത്തുള്ള നിയമോപദേശകര്‍ ഇതിനകം കേസ് ഫയല്‍ ചെയ്തു എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നുവെങ്കിലും, നിയമസംഘത്തിന്റെ വക്താവ് ഇത് നിഷേധിച്ചു. ബിബിസിക്ക് കത്തിന് മറുപടി നല്‍കാന്‍ നവംബര്‍ 14, വെള്ളിയാഴ്ച വരെ സമയം നല്‍കിയിട്ടുണ്ട് എന്നും ട്രംപിന്റെ നിയമസംഘം വക്താവ് അറിയിച്ചിരുന്നു.
