വാഷിങ്ടണ്‍: നാല് യൂറോപ്യന്‍ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷ ഗ്രൂപ്പുകള്‍ക്കെതിരെയുള്ള ട്രംപിന്റെ നടപടിയുടെ ഭാഗമാണിത്.
2003-ല്‍ യൂറോപ്യന്‍ കമ്മീഷന്റെ അന്നത്തെ പ്രസിഡന്റിന് സ്ഫോടന ദ്രവ്യങ്ങളടങ്ങിയ പാക്കേജുകള്‍ അയച്ച ഒരു ഇറ്റാലിയന്‍ അനാര്‍ക്കിസറ്റ് ഫ്രണ്ട്, ഏഥന്‍സിലെ പൊലീസ്- തൊഴില്‍ വകുപ്പ് കെട്ടിടങ്ങള്‍ക്കും പുറത്ത് ബോംബുകള്‍ സ്ഥാപിച്ചതായി കരുതപ്പെടുന്ന രണ്ട് ഗ്രീക്ക് നെറ്റ്വര്ക്കുകള്, ഡ്രെസ്ഡനില്‍ നിയോ- നാസികള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന് ജര്‍മ്മന്‍ അധികാരികള്‍ അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്ത ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ് എന്നിവയാണ് പുതിയ ലിസ്റ്റില്‍പ്പെടുന്നത്.

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാവിമുഖം, അമേരിക്കന്‍ പ്രസിഡന്റിന്റെ വിശ്വസ്തന് എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ചാര്‍ളി കിര്‍ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് വെടിയേറ്റ് മരിച്ചത്. കടുത്ത യാഥാസ്ഥിതിക- വലത് ആശയങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ പസ്ഥാനത്തിന്റെ പ്രധാന പ്രചാരകരില്‍ ഒരാളായിരുന്നു കിര്‍ക്ക്. ഡിജിറ്റല്‍ യുഗത്തില്‍ അമേരിക്കയില്‍ വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ക്രിസ്ത്യന്‍ നാഷണലിസം, ഫ്രീ മാര്‍ക്കറ്റ്, കുടുംബം തുടങ്ങിയ വിഷയങ്ങളായിരുന്നു കിര്‍ക്കിന്റെ പ്രധാന പ്രചാരണ വിഷയങ്ങള്‍.
