ഓട്ടവ : ജപ്പാനിൽ കരടി ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കാനഡ. നഗരപ്രദേശങ്ങളിലും റിസോർട്ടുകളിലും ഹൈക്കിങ് വഴികളിലും കരടി സാന്നിധ്യമുണ്ടെന്നും ഇത് ചില അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായതായും ഫെഡറൽ സർക്കാർ അറിയിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജപ്പാനിൽ 13 പേരാണ് ജപ്പാനിൽ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കനേഡിയൻ യാത്രികർ ജാഗ്രത പാലിക്കാനും, ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കാനും, പ്രാദേശിക അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കാനും നിർദ്ദേശമുണ്ട്. അകിത, നിഗാറ്റ, ഹൊക്കൈഡോ തുടങ്ങിയ നോർത്തേൺ പ്രദേശങ്ങളിലാണ് കൂടുതൽ ജാഗ്രത വേണ്ടത്.

അതേസമയം, കരടികളുടെ ഭീഷണി കാരണം മൃഗങ്ങളെ കൊല്ലുന്നതിനായി (Culling) മുൻ സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും ജപ്പാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾക്ക് സമീപവും സൂപ്പർമാർക്കറ്റുകളിലും വരെ കരടികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ജപ്പാനിലെ കരടികളുടെ എണ്ണം അൻപത്തിനാലായിരത്തിൽ അധികമാണെന്നാണ് കണക്ക്. കരടികളെ വെടിവയ്ക്കാൻ പൊലീസിനെ അനുവദിക്കുന്ന നിയമം അടുത്തിടെ ജപ്പാൻ പരിഷ്കരിച്ചിരുന്നു. ജപ്പാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സിനെയും കരടി പ്രശ്‌നം കൈകാര്യം ചെയ്യാൻ വിന്യസിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ വേലികൾ സ്ഥാപിക്കുന്നതും മറ്റ് തന്ത്രങ്ങൾ നടപ്പിലാക്കുന്നതും ഉൾപ്പെടെയുള്ള നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്.
