വിന്നിപെഗ്: മൃഗങ്ങളോട് അതിക്രൂരമായ രീതിയിൽ അതിക്രമവും പീഡനവും നടത്തിയ കേസിൽ ദമ്പതികൾ മാനിറ്റോബ കോടതിയിൽ കുറ്റം സമ്മതിച്ചു. ഐറിൻ ലിമ, ചാഡ് കബെസ് എന്നിവരാണ് മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസിൽ ചുമത്തിയ കുറ്റകൃത്യം കോടതിയിൽ സമ്മതിച്ചത്. ഇവർക്കെതിരായ മറ്റ് എട്ട് കുറ്റങ്ങൾ ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി ഒഴിവാക്കി. ലൈംഗിക സംതൃപ്തിക്കും പണമുണ്ടാക്കുന്നതിനും വേണ്ടി മൃഗങ്ങളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന ‘ക്രഷ് വീഡിയോകൾ’ (Crush Videos) നിർമ്മിക്കുകയും ഡാർക്ക് വെബ് വഴി ഈ ദമ്പതികൾ വിൽപ്പന നടത്തുകയും ചെയ്‌തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2024 മെയ് മുതൽ ഒക്ടോബർ വരെ ഏകദേശം 97-ലധികം മൃഗങ്ങളെ പ്രധാനമായും പൂച്ചക്കുട്ടികൾ, പക്ഷികൾ, മുയലുകൾ എന്നിവയെ ഇവർ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ദമ്പതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് വീഡിയോകളും ഫോട്ടോകളും പതിനായിരക്കണക്കിന് എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. മൃഗങ്ങളെ കാൽ കൊണ്ട് ഞെരിച്ച് ഐറിൻ ലിമ കൊല്ലുമ്പോൾ ചാഡ് കബെസ് ഇത് വീഡിയോയിൽ ചിത്രീകരിച്ചിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അത്യധികം അസ്വസ്ഥതയുണ്ടാക്കുന്ന സംഭവം എന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനിമൽ ജസ്റ്റിസ് (Animal Justice) എക്‌സിക്യൂട്ടീവ് ഡയറക്ടർ കാമില്ലെ ലാബ്ചുക്ക് ഈ കേസിനെ വിശേഷിപ്പിച്ചു. കാനഡയിലെ നിയമമനുസരിച്ച് മൃഗങ്ങളോടുള്ള ക്രൂരതയുടെ ഓരോ കുറ്റത്തിനും രണ്ട് വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കും. ഇവർ നിലവിൽ കസ്റ്റഡിയിലാണ്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
