മോസ്കോ: ഗാസയിലെ വെടിനിർത്തലിൽ ചർച്ചയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ചർച്ച നടത്തി. ശനിയാഴ്ച ടെലിഫോണിലൂടെയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. നെതന്യാഹുവുമായുള്ള ചർച്ചയിൽ മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചാണ് നേതാക്കൾ സംസാരിച്ചതെന്ന് ക്രംലിൻ അറിയിച്ചു. ഇറാനിലെ ആണവപദ്ധതിയും സിറിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഗാസ മുനമ്പിലെ വെടിനിറുത്തലും കുറ്റവാളികളെ കൈമാറുന്ന കാര്യവും ചർച്ചയിലെത്തി.

ഒക്ടോബർ 10 ന് നിലവിൽ വന്ന ഇസ്രയേൽ, പലസ്തീൻ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേലിലെ ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നും പലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. വെടിനിർത്തൽ കരാർ പ്രാബല്യത്തിലാണെങ്കിലും ഏകപക്ഷീയമായ ആക്രമണങ്ങൾ ഇസ്രയേൽ തുടർന്നു. ഗാസയിൽ ഇസ്രയേൽ ഉദ്യോഗസ്ഥർ മനുഷ്യകവചം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അതേ സമയം ചർച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
