ഓട്ടവ: കാനഡയിലെ പേഴ്‌സണൽ സപ്പോർട്ട് വർക്കർമാർക്ക് (PSWs) സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ ഫെഡറൽ സർക്കാറിന്റെ പുതിയ പദ്ധതി വരുന്നു. വർഷാവർഷം 1,100 ഡോളർ വരെ തിരികെ ലഭിക്കുന്ന പുതിയ നികുതി ക്രെഡിറ്റ് പദ്ധതിയാണിത്. താത്‌കാലിക ഡോളർ പദ്ധതിയായതിനാൽ തന്നെ 2026, 2027, 2028, 2029, 2030 എന്നീ നികുതി വർഷങ്ങളിൽ മാത്രമേ ഇത് ബാധകമാവുകയുള്ളൂ. ഈ നിർദ്ദേശം ഹൗസ് ഓഫ് കോമൺസിൽ അംഗീകരിച്ചാൽ നിയമമാകും. 2026 മുതൽ 2030 വരെയുള്ള വർഷങ്ങളിൽ നിശ്‌ചിത വർഷങ്ങളിൽ രാജ്യത്തെങ്ങുമുള്ള മുൻനിര പരിചരണ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതിയാണിത്. പുതിയ പേഴ്‌സണൽ സപ്പോർട്ട് വർക്കേഴ്‌സ് ടാക്‌സ് ക്രെഡിറ്റ് അവരുടെ വരുമാനത്തിൻ്റെ 5% ആയിരിക്കും. ഒരു വർഷം പരമാവധി 1,100 ഡോളർ വരെ ലഭിക്കും. 22,000- ഡോളർ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് മുഴുവൻ 1,100 ഡോളർ ലഭിക്കും. നികുതി അടയ്ക്കുന്ന ബാധ്യതയില്ലാത്തവർക്ക് പോലും പണം റീഫണ്ടായി ലഭിക്കും. ചെറിയ വരുമാനമുള്ള തൊഴിലാളികൾക്ക് ഇത് തികച്ചും പ്രയോജനമുള്ള നടപടി ആണ്.

രോഗികളെ കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, ഭക്ഷണം നൽകുക, ശുചിത്വം പാലിക്കാൻ സഹായിക്കുക, മൊബിലിറ്റി പിന്തുണ നൽകുക എന്നീ അവശ്യപരിചരണം ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും.ഹോസ്പിറ്റലുകൾ, നഴ്‌സിംഗ് കെയർ സൗകര്യങ്ങൾ, റസിഡൻഷ്യൽ കെയർ സൗകര്യങ്ങൾ, കമ്മ്യൂണിറ്റി കെയർ കേന്ദ്രങ്ങൾ, ലൈസൻസുള്ള ഹോം-കെയർ ഏജൻസികൾ തുടങ്ങിയ നിയന്ത്രിത ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽജോലി ചെയ്യുന്നവരെ പരിഗണിക്കും. അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കൽ, അല്ലെങ്കിൽ ക്ലീനിംഗ് ജോലികൾ മാത്രം ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ, ന്യൂഫിൻലാൻഡ് ആൻഡ് ലാബ്രഡോ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ്, എന്നീ മൂന്ന് പ്രദേശങ്ങളിൽ ഈ നികുതി ആനുകൂല്യം ബാധകമായിരിക്കില്ല. ഈ പ്രദേശങ്ങൾക്ക് ഫെഡറൽ ഗവൺമെന്റുമായി വേതന വർദ്ധനവിനായി പ്രത്യേക കരാറുകളുള്ളതിനാലാണ് ഈ ആനുകൂല്യം ബാധകമല്ലാത്തത്.
