മൊഗാദിഷു: സൊമാലിയയുടെ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനത്തിലുണ്ടായ ഗുരുതരമായ ഡാറ്റാ ചോർച്ചയിൽ 35,000- അപേക്ഷകരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുപോയതായി യു.എസും യു.കെയും മുന്നറിയിപ്പ് നൽകി. സൊമാലിയൻ സർക്കാരിൻ്റെ ഇ-വിസ പ്ലാറ്റ്‌ഫോമിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചെന്നാണ് മൊഗാദിഷുവിലെ യു.എസ് എംബസി അറിയിച്ചത്. ചോർന്ന രേഖകളിൽ പേരുകൾ, ചിത്രങ്ങൾ, ജനനത്തീയതി, മേൽവിലാസം, ഇമെയിൽ വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഡാറ്റാ ചോർച്ച തുടരുകയാണെന്നാണ് യുകെ മുന്നറിയിപ്പ് നൽകി. ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യാത്രക്കാർ അപകടസാധ്യതകൾ പരിഗണിക്കണമെന്നും യു.കെ ആവശ്യപ്പെട്ടു.

അതേസമയം ഡാറ്റാ ചോർച്ചയെക്കുറിച്ച് സൊമാലിയൻ അധികൃതർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, സർക്കാർ തങ്ങളുടെ വിസ സേവനം പഴയ ഡൊമെയ്‌നായ evisa.gov.so-യിൽ നിന്ന് etas.gov.so എന്ന പുതിയ ഡൊമെയ്‌നിലേക്ക് മാറ്റി. ഇതിനും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഡാറ്റാ ചോർച്ച വിവാദമായത് സൊമാലിയൻ സർക്കാരും സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ സോമാലിലാൻഡും തമ്മിലുള്ള നിലവിലുള്ള തർക്കങ്ങൾ കൂടുതൽ വഷളാക്കി. ഇതിന് പിന്നാലെ സൊമാലിയയുടെ പുതിയ ഇ-വിസ സംവിധാനം അംഗീകരിക്കില്ലെന്ന് സോമാലിലാൻഡ് പ്രസിഡൻ്റ് അബ്ദിറഹ്മാൻ ഇറോ പ്രഖ്യാപിച്ചു. സോമാലിലാൻഡിന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിമാനങ്ങൾ ഹർഗെയ്‌സയിൽ (സോമാലിലാൻഡിന്റെ തലസ്ഥാനം) നിന്ന് അനുമതി നേടണമെന്ന് പ്രസിഡൻ്റ് ഉത്തരവിട്ടു.
പ്രമുഖ വിമാനക്കമ്പനികൾ സൊമാലിയയുടെ ഇ-വിസ ഇല്ലാത്ത യാത്രക്കാരെ കയറ്റാൻ വിസമ്മതിക്കുന്നത് കാരണം സോമാലിലാൻഡിലേക്ക് പോകേണ്ട നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. രാജ്യത്തിൻ്റെ മുഴുവൻ വ്യോമാതിർത്തിയുടെയും ഏക നിയന്ത്രണം മൊഗാദിഷു ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിൽ (FIR) തങ്ങൾക്കാണെന്ന് സൊമാലിയ സിവിൽ ഏവിയേഷൻ അതോറിറ്റി (SCAA) ആവർത്തിച്ചു വ്യക്തമാക്കി. സോമാലിലാൻഡിൽ നിന്നുള്ള നിർദ്ദേശങ്ങൾ അവഗണിക്കാനും SCAA വിമാനങ്ങൾക്ക് നിർദ്ദേശം നൽകി. യാത്രക്കാർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി.
