എഡ്മിന്റൻ : പ്രവിശ്യയിലെ ആരോഗ്യപരിരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പുതിയ ‘അക്യൂട്ട് കെയർ ആക്ഷൻ പ്ലാൻ’ പ്രഖ്യാപിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അൻപതിനായിരത്തിലധികം അധിക ശസ്ത്രക്രിയകളും, എട്ട് പുതിയ അർജന്റ് കെയർ സെന്റേഴ്സും ആയിരത്തിലധികം പുതിയ ആശുപത്രി കിടക്കകളും സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. എഡ്മിന്റൻ, കാൽഗറി എന്നിവിടങ്ങളിലെ ആശുപത്രികളിൽ കിടക്കകൾ കൂട്ടിച്ചേർക്കും. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും മുൻഗണന നൽകുന്നതാണ് പദ്ധതിയെന്ന് സ്മിത്ത് പറഞ്ഞു.

എന്നാൽ, ടൈംലൈനുകളോ ബജറ്റ് വിവരങ്ങളോ ഇല്ലാത്ത പ്രഖ്യാപനം ‘പദ്ധതികൾ ഉണ്ടാക്കാനുള്ള പദ്ധതികൾ’ മാത്രമാണെന്ന് പ്രതിപക്ഷമായ എൻഡിപി വിമർശിച്ചു. ആരോഗ്യമേഖലയിലെ തൊഴിലാളി യൂണിയനുകൾ സമരഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, പുതിയ കേന്ദ്രങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ സ്റ്റാഫുകളെ എങ്ങനെ നിയമിക്കുമെന്നതിൽ വ്യക്തതയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നഴ്സിങ് സമരത്തിന് മുന്നോടിയായി നടത്തിയ ഈ പ്രഖ്യാപനം, ആരോഗ്യ പരിരക്ഷയ്ക്കുള്ള യഥാർത്ഥ നടപടിയേക്കാൾ രാഷ്ട്രീയ തന്ത്രമാണെന്ന് ‘ഫ്രണ്ട്സ് ഓഫ് മെഡികെയർ’ പോലുള്ള ആരോഗ്യവകാശ ഗ്രൂപ്പുകളും അഭിപ്രായപ്പെട്ടു.
