ടൊറന്റോ : സംസാരരീതിയിലെ മാറ്റങ്ങൾ ഒരാളിലെ ചിന്താശേഷി കുറയുന്നതിന്റെ ആദ്യ ലക്ഷണമായേക്കാമെന്ന് പഠനം. സംസാരത്തിനിടയിലെ നീണ്ട നിശ്ശബ്ദത, ‘ഉം’, ‘ആ’ പോലുള്ള ശബ്ദങ്ങളുടെ അമിത ഉപയോഗം, വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ മസ്തിഷ്കാരോഗ്യത്തിന്റെ തകർച്ചയെ സൂചിപ്പിക്കാമെന്ന് ബേക്രസ്റ്റ് ഹോസ്പിറ്റൽ, ടൊറന്റോ യൂണിവേഴ്സിറ്റി, യോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. സംസാരത്തിലെ മാറ്റങ്ങൾ മസ്തിഷ്കത്തിന്റെ ആരോഗ്യം കുറയുന്നത് വെളിപ്പെടുത്തുമെന്ന താൽപ്പര്യമാണ് പഠനത്തിന് പിന്നിലെന്ന് മുതിർന്ന ഗവേഷകൻ ജെഡ് മെൽറ്റ്സർ പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി നടത്തിയ പഠനത്തിൽ, അതിശക്തമായ കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചാണ് പങ്കെടുക്കുന്നവരുടെ സംസാര മാതൃകകൾ വിശകലനം ചെയ്തത്. സംസാരത്തിന്റെ സങ്കീർണ്ണത, ആവർത്തിച്ചുള്ള വാക്കുകൾ, അപൂർവ വാക്കുകൾ ഉപയോഗിക്കാനുള്ള കഴിവ് എന്നിവയിൽ അൽഗോരിതം ശ്രദ്ധ കേന്ദ്രീകരിച്ചു. വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനൊപ്പം, സംസാരിക്കാനുള്ള വേഗത കുറയുന്നത് ചിന്തിക്കാനുള്ള വേഗത കുറയുന്നതിന്റെ സൂചനയാണെന്ന് പഠനം പറയുന്നു.

ഈ പരിശോധന രോഗം കണ്ടെത്താനുള്ള നേരിട്ടുള്ള മാർഗ്ഗമല്ലെങ്കിലും, വർഷങ്ങൾ നീളുന്ന മസ്തിഷ്കാരോഗ്യത്തിന്റെ തകർച്ച നേരത്തേ മനസ്സിലാക്കാൻ ഡോക്ടർമാരെ സഹായിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ഒറ്റപ്പെടൽ കുറയ്ക്കുക, വ്യായാമം വർധിപ്പിക്കുക തുടങ്ങിയവയിലൂടെ ചിന്താശേഷിയിലുള്ള തകർച്ച കുറയ്ക്കാൻ സാധിക്കുമെന്നും മെൽറ്റ്സർ നിർദ്ദേശിച്ചു.
