വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സോഹ്റാൻ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ആദ്യ കൂടിക്കാഴ്ച അപ്രതീക്ഷിത സൗഹൃദത്തിന് വേദിയായതായി റിപ്പോർട്ട്. ഇരുവരും തങ്ങളുടെ കടുത്ത രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ന്യൂയോർക്ക് സിറ്റിയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായാണ് വിവരം. കൂടിക്കാഴ്ച ‘ഗംഭീരവും ഫലപ്രദവുമാ’യിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. താൻ പ്രതീക്ഷിച്ചതിലും കൂടുതൽ കാര്യങ്ങളിൽ യോജിപ്പിലെത്തിയെന്നും, മംദാനിയുടെ ചില ആശയങ്ങൾ തന്റേതിന് സമാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ന്യൂയോർക്കുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തങ്ങൾക്കിടയിൽ പൊതുലക്ഷ്യമുണ്ടെന്ന് മംദാനി പറഞ്ഞു. ചെലവ് കുറഞ്ഞ ഭവനങ്ങൾ, പലചരക്ക് സാധനങ്ങൾക്ക് വിലക്കുറവ് പോലുള്ള സാമ്പത്തിക വിഷയങ്ങളാണ് ചർച്ചയിൽ പ്രധാനമായും വിഷയമായത്. പത്രപ്രവർത്തകരുടെ കടുപ്പമേറിയ ചോദ്യങ്ങളിൽ നിന്ന് മംദാനിയെ ട്രംപ് പലപ്പോഴും സംരക്ഷിച്ചു. നേരത്തെ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് തടയുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, കൂടിക്കാഴ്ചയ്ക്ക് ശേഷം ആ ഭീഷണിയിൽ നിന്ന് പിന്മാറുകയും മംദാനിക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
