ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്.ഐ.ടി നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. കേസില്‍ പത്മകുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകളാണ് പരിശോധനകള്‍ക്ക് ശേഷം എസ്.ഐ.ടി പിടിച്ചെടുത്തത്.
പത്മകുമാറിന്റെ മൊഴിയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും പേര് ഉള്‍പ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തെയും അധികം വൈകാതെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ. പത്മകുമാര്‍ ആണെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി അറസ്റ്റിലേക്ക് കടന്നത്. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.

പത്മകുമാര്‍ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പാളിയ്ക്ക് പകരം ചെമ്പ് പാളിയെന്ന് ദേവസ്വം മിനുറ്റ്‌സില്‍ സ്വന്തം കൈപ്പടയില്‍ കുറിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം വിട്ടു നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുന്‍പ് , സ്വന്തം കൈപ്പടയില്‍ സ്വര്‍ണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാര്‍ എഴുതി ചേര്‍ത്തു. ദേവസ്വം യോഗത്തില്‍ സ്വര്‍ണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്. ഡിസംബര്‍ മൂന്നിനാണ് ഇനി അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
