ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണതില്‍ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന. വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ വിശദമായി ശേഖരിക്കും. കൂടാതെ, ദുബായ് എയര്‍ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിലയിരുത്തും. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ അപകടത്തിന്റെ പ്രാഥമികമായ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും.

അതേസമയം, സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്, സൈനിക മേധാവികള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. വിങ് കമാന്‍ഡര്‍, നമന്‍ഷ് സ്യാല്‍ ആണ് അപകടത്തില്‍ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ നാട്ടില്‍ എത്തിക്കും. ഹിമാചല്‍ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമന്‍ഷ് സ്യാല്‍.
