ആഫ്രിക്കന്‍ ഭൂഖണ്ഡം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഇരുപതാമത് ജി20 ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ന് ആരംഭിച്ചു. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ആഗോളതലത്തില്‍ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ പ്രമേയം.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങള്‍, വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ധനസഹായം, ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷാ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂണിയന്റെ ‘അജണ്ട 2063’ മായി ചേര്‍ന്ന് ആഫ്രിക്കന്‍ വികസനത്തിന് ജി20 രാജ്യങ്ങളുടെ പിന്തുണ നേടാനും ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നുണ്ട്.

ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, ജര്‍മ്മന്‍ ചാന്‍സലര്‍ ഫെഡറിക് മെര്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോനി, ജപ്പാന്‍ പ്രധാനമന്ത്രി സനൈ തകൈച്ചി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരുള്‍പ്പെടെ ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ ന്യൂനപക്ഷമായ വെള്ളക്കാര്‍ വംശീയമായി പീഡിപ്പിക്കപ്പെടുന്നുവെന്നാരോപിച്ച് അമേരിക്ക ഉച്ചകോടി ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഉച്ചകോടിയില്‍ ഒരു പ്രഖ്യാപനവും ഔദ്യോഗികമായി അംഗീകരിക്കരുതെന്നും അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ ഈ നിലപാട് തള്ളിക്കളഞ്ഞുകൊണ്ട് ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് അമേരിക്ക ആയതിനാല്‍, ഔപചാരിക വേദി കൈമാറ്റ ചടങ്ങില്‍ അമേരിക്കന്‍ എംബസി പ്രതിനിധി പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
