കരാക്കസ്: വെനസ്വേലൻ വ്യോമാതിർത്തിയിൽ സുരക്ഷാ സാഹചര്യം മോശമായതിനാൽ വിമാനക്കമ്പനികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) നിർദേശം. വിമാനങ്ങളുടെ എല്ലാ ഓപ്പറേറ്റിങ് റേഞ്ചുകളിലും ഈ ഭീഷണികൾ അപകടസാധ്യത ഉയർത്താൻ സാധ്യതയുണ്ടെന്ന് FAA മുന്നറിയിപ്പ് നൽകി. യുഎസ് നാവികസേനയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലും മറ്റ് യുദ്ധക്കപ്പലുകളും ഉൾപ്പെടെയുള്ള സൈനിക സന്നാഹം അടുത്തിടെ മേഖലയിൽ അമേരിക്ക വിന്യസിച്ചിരുന്നു.
2019 മുതൽ വെനസ്വേലയിലേക്കുള്ള നേരിട്ടുള്ള യുഎസ് വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും ചില യുഎസ് വിമാനക്കമ്പനികൾ തെക്കേ അമേരിക്കൻ ഫ്ലൈറ്റുകൾക്കായി ഈ ആകാശപാത ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ എയർലൈൻസ് ഉൾപ്പെടെയുള്ള കമ്പനികൾ വെനസ്വേലക്ക് മുകളിലൂടെയുള്ള യാത്ര നിർത്തിയതായി അറിയിച്ചു.

വെനസ്വേലയിൽ സെപ്റ്റംബർ മുതൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) ഇടപെടലുകൾ വർധിച്ചതായും സൈനിക സജ്ജീകരണം വർധിച്ചതായും FAA ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ പക്കൽ അത്യാധുനിക പോർവിമാനങ്ങളും സാധാരണ സിവിൽ വിമാനങ്ങൾ പറക്കുന്ന ഉയരത്തിൽ എത്താൻ കഴിവുള്ള ആയുധ സംവിധാനങ്ങളുമുണ്ട്. വെനസ്വേലൻ സൈന്യം സൈനികാഭ്യാസങ്ങൾ നടത്തുന്നുണ്ടെങ്കിലും സിവിൽ ഏവിയേഷനെ ലക്ഷ്യമിടുന്നതായി സൂചനകളില്ല. ഈ മേഖലയിലെ അപകടസാധ്യത FAA തുടർന്നും നിരീക്ഷിക്കുമെന്ന് അറിയിച്ചു.
