ഓട്ടവ : സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ കാനഡക്കാർക്ക് ശമ്പളത്തിൽ നിന്ന് നേരിട്ട് സേവിങ്സ് അക്കൗണ്ടുകളിലേക്ക് പണം മാറ്റുന്ന ‘ഓട്ടോമാറ്റിക് പേറോൾ ഡെഡക്ഷൻ’ രീതി നിർദ്ദേശിച്ച് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ ഫിനാൻഷ്യൽ വെൽനസ് ലാബ്. ഭൂരിഭാഗം കനേഡിയൻ പൗരന്മാർക്കും അടിയന്തര സമ്പാദ്യമില്ലാത്ത സാഹചര്യത്തിൽ, അതിന് പരിഹാരം കാണാൻ ഇത് ഉപകരിക്കുമെന്നും ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ പേറോൾ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് വെൽനസ് ലാബ് റിപ്പോർട്ട് തയ്യാറാക്കിയത്. മതിയായ സമ്പാദ്യമില്ലാത്ത ആളുകൾ ഉയർന്ന പലിശയുള്ള ലോണുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ രീതി സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

നിലവിലുള്ള ‘ഓപ്റ്റ്-ഇൻ’ രീതിക്ക് പകരം, ഈ കിഴിവുകൾ ‘ഓപ്റ്റ്-ഔട്ട്’ രീതിയിൽ സ്ഥാപിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജീവനക്കാർ സ്വയം ആവശ്യപ്പെടാതെ തന്നെ അവരെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും, ആവശ്യമെങ്കിൽ പുറത്തുപോകാൻ അവസരം നൽകുകയും ചെയ്യും. പദ്ധതി പ്രകാരം, കാർ റിപ്പയർ പോലുള്ള സാധാരണ ചെലവുകൾക്കായി 2,500 ഡോളറിന് തുല്യമായ സ്റ്റാർട്ടർ ഫണ്ട് ഏർപ്പെടുത്തുന്നതും, വരുമാനം നഷ്ടപ്പെടുന്നത് പോലുള്ള വലിയ പ്രതിസന്ധികൾക്കായി കുറഞ്ഞത് നാല് മാസത്തെ വരുമാനത്തിന് തുല്യമായ വലിയ ബഫറും ഉൾപ്പെടെ രണ്ട് തലത്തിലുള്ള സേവിങ്സ് സ്ട്രീമുകളാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്.

അതേസമയം, ജീവനക്കാർ ജോലി സമയത്ത് പണത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു. 51% ജീവനക്കാരും ജോലി സമയത്ത് പണത്തെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നത് പ്രതിവർഷം 6950 കോടി ഡോളറിന്റെ ഉൽപ്പാദന നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ, ജീവനക്കാരുടെ സാമ്പത്തിക സമ്മർദ്ദത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തൊഴിലുടമകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് നാഷണൽ പേറോൾ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
