എഡ്മിന്‍റൻ : ആൽബർട്ട ഹെൽത്ത് സർവീസസുമായി (AHS) താൽക്കാലിക കരാറിലെത്തി ഹെൽത്ത് കെയർ ജീവനക്കാർ. ഇതോടെ ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാരും ഹെൽത്ത് കെയർ സഹായികളും അടങ്ങുന്ന ജീവനക്കാർ സമരം അവസാനിപ്പിച്ചതായി ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE) വൈസ് പ്രസിഡൻ്റ് കർട്ടിസ് ജാക്‌സൺ അറിയിച്ചു. താൽക്കാലിക കരാറിൽ ഒപ്പുവെച്ചതായും ജീവനക്കാർ ഉടൻ തന്നെ കരാർ അംഗീകരിക്കാൻ വോട്ട് ചെയ്യുമെന്നും AUPE പ്രസിഡൻ്റ് സാന്ദ്ര അസോക്കർ പറഞ്ഞു. പണിമുടക്ക് ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് ഇരുപക്ഷവും കരാറിലെത്തിയത്.

കരാറിൽ, എല്ലാ ജീവനക്കാർക്കും നാല് വർഷത്തിനുള്ളിൽ 12% വേതന വർധനയും എൽപിഎൻ-കൾക്ക് 10 ശതമാനവും ആരോഗ്യ സംരക്ഷണ സഹായികൾക്ക് നാല് ശതമാനവും മാർക്കറ്റ് ക്രമീകരണങ്ങളും ഉൾപ്പെടുന്നു. നവംബർ 25 ന് യൂണിയൻ ജീവനക്കാർ ടൗൺ ഹാളിൽ യോഗം ചേരും. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ അംഗീകാര വോട്ടെടുപ്പ് നടത്തും.

AUPE നഴ്സിംഗ് കെയറിന്‍റെ നേതൃത്വത്തിലുള്ള യൂണിയനിൽ AHS, അസിസ്റ്റഡ് ലിവിങ് ആൽബർട്ട, കാൻസർ കെയർ ആൽബർട്ട, ആൽബർട്ട എമർജൻസി ഹെൽത്ത് സർവീസസ്, പ്രൈമറി കെയർ ആൽബർട്ട, അലൻ ഗ്രേ കണ്ടിന്യൂയിങ് കെയർ സെന്‍റർ, ലാമോണ്ട് ഹെൽത്ത്കെയർ സെന്‍റർ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്നു.
