ഓട്ടവ : പാക്കിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനത്തിലെ ക്രൂ അംഗം കാനഡയിലെത്തി മുങ്ങി. കറാച്ചി ആസ്ഥാനമായുള്ള എയർലൈനിലെ സീനിയർ ഫ്ലൈറ്റ് അറ്റൻഡൻ്റായ ആസിഫ് നജാമിനെയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച ലാഹോറിൽ നിന്നുള്ള പികെ 798 വിമാനത്തിൽ ടൊറൻ്റോയിൽ എത്തിയ ആസിഫ് അപ്രത്യക്ഷനായതായി എയർലൈൻ റിപ്പോർട്ട് ചെയ്തു. ഈ വർഷം കാനഡയിൽ കാണാതാവുന്ന പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ മൂന്നാമത്തെ ജീവനക്കാരനാണ് ആസിഫ്. മൂന്ന് ദിവസത്തിന് ശേഷം പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടതായിരുന്നു ആസിഫ് നജാം. വിമാനക്കമ്പനി അദ്ദേഹത്തെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല. സംഭവത്തിൽ ഔപചാരിക അന്വേഷണം ആരംഭിച്ചതായി എയർലൈൻ അറിയിച്ചു.

2022-നും 2023-നും ഇടയിൽ കാനഡയിൽ നിന്ന് എട്ട് ക്രൂ അംഗങ്ങൾ മടങ്ങിയെത്തിയിട്ടില്ലെന്ന് എയർലൈൻ പറയുന്നു. ഇസ്ലാമാബാദിലേക്കുള്ള മടക്കവിമാനത്തിൽ കയറാതിരിക്കുകയോ ഹോട്ടൽ മുറികളിൽ നോട്ടുകളും യൂണിഫോമുകളും ഉപേക്ഷിച്ച് അപ്രത്യക്ഷരാകുകയോ ആയിരുന്നു മുമ്പും ജീവനക്കാർ ചെയ്തിരുന്നത്.
