ഓട്ടവ : ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം. വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരടക്കമുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് പുതിയ നടപടി.

2026-ൽ 408,000 സ്റ്റഡി പെർമിറ്റുകളായിരിക്കും നൽകുകയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. 2025 ലെ 437,000 എന്ന സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും ഏഴു ശതമാനവും 2024 ലെ 485,000 സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും 16 ശതമാനവും കുറവുമാണിത്. ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2026-2028 ൽ വ്യക്തമാക്കിയിരുന്നതുപോലെ വരുന്ന വർഷം നൽകുന്ന 408,000 സ്റ്റഡി പെർമിറ്റുകളിൽ 155,000 എണ്ണം പുതുതായി വരുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കും. ശേഷിക്കുന്ന സ്റ്റഡി പെർമിറ്റുകൾ (253,000) നിലവിലുള്ളതും മടങ്ങിവരുന്നതുമായ വിദ്യാർത്ഥികൾക്കുമായിരിക്കും.
ജനസംഖ്യയുടെയും കഴിഞ്ഞ കാലത്തെ പ്രവണതയും അനുസരിച്ച് പ്രൊവിൻസുകൾക്കും ടെറിട്ടറികൾക്കുമുള്ള സ്റ്റഡി പെർമിറ്റുകൾ ഫെഡറൽ സർക്കാർ വിതരണം ചെയ്യുന്നു. വിപുലമായ DLI നെറ്റ്‌വർക്കും ചരിത്രപരമായ എൻറോൾമെൻ്റ് നിലവാരവും പരിഗണിച്ച് ഒൻ്റാരിയോയ്ക്ക് ഏറ്റവും കൂടുതൽ അലോക്കേഷൻ (70,074) ലഭിക്കും. തുടർന്നുള്ള സ്ഥാനങ്ങളിൽ കെബെക്ക് (39,474), ബ്രിട്ടിഷ് കൊളംബിയ (24,786) എന്നീ പ്രവിശ്യകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ആൽബർട്ട (21,582), മാനിറ്റോബ (6,534), സസ്കാച്വാൻ (5,436), നോവസ്കോഷ (4,680), ന്യൂബ്രൺസ്വിക് (3,726), ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (2,358), പ്രിൻസ് എഡ്വേഡ് ഐലൻഡ് (774), നോർത്ത് വെസ്റ്റ് ടെറിറ്ററീസ് (198), യൂകോൺ (198), നൂനവൂട്ട് (180) എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെയും ടെറിട്ടറികളുടെയും സ്റ്റഡി പെർമിറ്റ് വിഹിതം.

2026-ൽ PAL/TAL ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് പ്രോസസ്സിങ്ങിനായി പരമാവധി 309,670 സ്റ്റഡി പെർമിറ്റ് അപേക്ഷകൾ IRCC സ്വീകരിക്കും. ഇതിൽ ദേശീയതലത്തിൽ ആകെ 180,000 സ്റ്റഡി പെർമിറ്റുകളായിരിക്കും PAL അല്ലെങ്കിൽ TAL ആവശ്യമുള്ള അപേക്ഷകർക്ക് നൽകുക. ഈ വർഷം ആദ്യം, നിയുക്ത പഠന സ്ഥാപനങ്ങളിലെ (DLI) മാസ്റ്റേഴ്‌സ്, ഡോക്ടറൽ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് 2026 ജനുവരി മുതൽ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) അല്ലെങ്കിൽ ടെറിട്ടോറിയൽ അറ്റസ്റ്റേഷൻ ലെറ്റർ (TAL) ആവശ്യമില്ലെന്ന് ഐആർസിസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പോസ്റ്റ്-സെക്കൻഡറി തലത്തിലുള്ള മറ്റെല്ലാ അപേക്ഷകരും പഠന അനുമതിക്കായി അപേക്ഷിക്കുമ്പോൾ PAL സമർപ്പിക്കേണ്ടതുണ്ട്.
