ഹോങ്കോങ്: ഹോങ്കോങില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 279 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടുക്കുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുന്നതായി അധികൃതര്‍. ഇന്നലെയാണ് ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്‌ലാറ്റ് സമുച്ചയത്തിന് തീപിടിച്ചത്. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.
നാല്‍പ്പത്തിയഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരു അഗ്‌നിരക്ഷാസേന അംഗവും ഉള്‍പ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 2.51 നാണ് തീപിടിത്തം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നിമിഷങ്ങള്‍ക്കകം തീ എട്ട് ബ്ലോക്കുകളില്‍ ഏഴിലേക്കും അതിവേഗം വ്യാപിക്കുകയും ചെയ്തു. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാര്‍ട്ട്മെന്റുകളാണ് വടക്കന്‍ തായ്പേ ജില്ലയിലുള്ള കോംപ്ലക്സിലുള്ളത്.

ഏഴ് ബ്ലോക്കുകളില്‍ നാലെണ്ണത്തിലെ തീ നിലവില്‍ നിയന്ത്രണവിധേയമായിട്ടുണ്ട്, ബാക്കിയുള്ള മൂന്നെണ്ണത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. 26 രക്ഷാസംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ചില കെട്ടിടങ്ങളില്‍ താഴത്തെ നിലകളില്‍ തിരച്ചില്‍ ആരംഭിക്കുകയും 13 മുതല്‍ 23 വരെയുള്ള നിലകളിലേക്ക് നീങ്ങുകയും ചെയ്യുന്നു. വൈകുന്നേരത്തോടെ അഗ്‌നിശമന സേനാംഗങ്ങള്‍ മുകളിലത്തെ നിലകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും ഉയര്‍ന്ന ‘ലെവല്‍ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി ക്രിമിനല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
