Thursday, November 27, 2025

തീൻമേശയിലെത്തും മുമ്പേ ടർക്കികൾക്ക്‌ ട്രംപിന്റെ മാപ്പ്‌; താങ്ക്‌സ്‌ ഗിവിങ് ഡേയിൽ താരങ്ങളായി ഗോബിളും വാഡിളും

വാഷിങ്ടൺ: ഗോബിളും വാഡിളും എന്ന രണ്ട്‌ ടർക്കികളാണ്‌ വൈറ്റ്‌ ഹൗസിലെ താങ്ക്‌സ്‌ ഗിവിങ് വാർത്തകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്‌. താങ്ക്സ് ഗിവിങ് ഡേയിൽ അതിഥികൾ കഴിക്കേണ്ടതായിരുന്നു ഇവരെ എങ്കിലും പാർഡനിങ് എന്ന ക്ഷമ നൽകലിലൂടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രസിഡന്റിന്റെ താങ്ക്സ് ഗിവിങ് ചടങ്ങിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ടർക്കികളായിരുന്നു ഇവർ. താങ്ക്‌സ്‌ ഗിവിങ് ഡേയിലെ പ്രധാന ചടങ്ങിൽ തീൻമേശയിലേക്ക്‌ കരുതിവച്ചതിനാൽ തന്നെ കുറച്ചു ദിവസങ്ങളിലായി ഇവർ രാജകീയ സൗകര്യങ്ങളിലായിരുന്നു ഇവർ താമസിച്ചിരുന്നത്‌. യഥാക്രമം 23.5, 22.6 കിലോഗ്രാം ഭാരമുള്ള ഇവർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. നാഷനൽ ടർക്കി ഫെഡറേഷനാണ്‌ യു.എസ് പ്രസിഡന്റിന്‌ ടർക്കി സമ്മാനിക്കുന്നത്.

നോർത്ത് കരോലിനയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ വോട്ടിലൂടെയാണ് രണ്ട് ടർക്കികളെയും തിരഞ്ഞെടുത്തത്. യു.എസ്, കാനഡ, സെന്റ് ലൂസിയ, ലൈബീരിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ആഘോഷമാണ്‌ താങ്ക്സ്ഗിവിങ്. നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ്‌ സാധാരണയായി താങ്ക്സ്ഗിവിങ് ദിനമായി ആചരിക്കുന്നത്. യു.എസിലെ അവധി സീസണും ഇതോടെയാണ്‌ തുടങ്ങുന്നത്‌. വിഭവസമൃദ്ധമായ അത്താഴമാണ്‌ ചടങ്ങുകളുടെ പ്രത്യേകത. പൊരിച്ച ടർക്കിയും ഉരുളക്കിഴങ്ങുമാണ്‌ പ്രധാന വിഭവം. താങ്ക്സ്ഗിവിങ് സീസണിൽ മാത്രം നാലരക്കോടി ടർക്കിക്കോഴികളെ യു.എസിൽ കൊല്ലാറുണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌.വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ നടന്ന പരമ്പരാഗത ചടങ്ങിനിടെയായിരുന്നു ട്രംപ്‌ ടർക്കികളെ രക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്‌. പത്നി മെലനിയയും കൂടെയുണ്ടായിരുന്നു. ട്രാവിസ്, അമാൻഡ പിറ്റ്മാൻ ദമ്പതികളുടെ നോർത്ത് കാരലൈനയിലെ വെയ്ൻ കൗണ്ടിയിലുള്ള ചെറിയ ഫാമിലാണ് ഗോബിളും വാഡിളും വളർന്നത്.

ബട്ടർബോൾ എന്ന കമ്പനിക്കായാണ്‌ ടർക്കികളെ ഇവർ വളർത്തിയത്‌. ഔദ്യോഗിക ടർക്കികളായതിനാൽ വില്ലാഡ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലെ സ്യൂട്റൂമിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. പ്രസ്‌ മീറ്റുകളിലും ഇവർ പങ്കെടുത്തു. ഏതായാലും ജീവൻ രക്ഷപ്പെട്ട സ്ഥിതിക്ക് ഇനി നോർത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ‌പോൾട്രി വിഭാഗത്തിലായിരിക്കും ഇവർ കഴിയുന്നത്‌. യു.എസിൽ ടർക്കിവില കുതിച്ചുയരുമ്പോഴാണ്‌ ട്രംപിന്റെ രണ്ടാം ഭരണകാലത്ത്‌ ആദ്യമായി ടർക്കി മാപ്പ്‌ നൽകൽ നടക്കുന്നത്‌. അമേരിക്കൻ ഫാം ബ്യൂറോ ഫെഡറേഷന്റെ കണക്കനുസരിച്ച് പക്ഷിപ്പനി കൂടിയതിനാൽ ടർക്കി വിൽപ്പനയും കുറഞ്ഞിരുന്നു. 1940 മുതൽ തന്നെ ടർക്കികളെ പ്രസിഡന്റിന് സമ്മാനിക്കുന്ന ചടങ്ങ് ഔദ്യോഗികമായി ഉണ്ട്. ആ ടർക്കികളൊക്കെ തീൻമേശയിലെത്തുകയും വിഭവങ്ങളായി മാറുകയുമായിരുന്നു തിവ്. 1989-ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷാണ് ആദ്യമായി ടർക്കികൾക്കു മാപ്പുനൽകി മോചിപ്പിച്ചത്. പിന്നീട്‌ ഈ മാപ്പുനൽകൽ പ്രസിഡൻഷ്യൽ ‘ടർക്കി പാർഡൻ’ എന്ന പേരിൽ പ്രശസ്തമായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!