ഓട്ടവ : റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്നായി 23 കോടി 50 ലക്ഷം ഡോളർ കൂടി ധനസഹായം അനുവദിച്ചതായി കാനഡ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റി പ്രഖ്യാപിച്ചു. 50 കോടി യുഎസ് ഡോളർ വിലമതിക്കുന്ന സൈനിക പാക്കേജ് വാങ്ങാൻ കാനഡ നാറ്റോ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി 20 കോടി ഡോളർ കാനഡ നിക്ഷേപിക്കും. കൂടാതെ യുക്രെയ്നായുള്ള നാറ്റോയുടെ സഹായ പാക്കേജിനായി മൂന്ന് കോടി അമ്പത് ലക്ഷം ഡോളർ നൽകുമെന്ന് ബ്രസ്സൽസിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.

യുക്രെയ്നന് മെഡിക്കൽ സപ്ലൈസ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ഉറപ്പുവരുത്തുന്നതിന് ഈ ധനസഹായം അനുവദിക്കുമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. 2022 മുതൽ കാനഡ യുക്രെയ്നന് 2,200 കോടി ഡോളർ ധനസഹായം നൽകിയിട്ടുണ്ട്. ഇതിൽ 2029 വരെയുള്ള യുക്രെയ്നായുള്ള സൈനിക സഹായത്തിനുള്ള 650 കോടി ഡോളർ ധനസഹായവും ഉൾപ്പെടുമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ വാർത്താക്കുറിപ്പിൽ പറയുന്നു.
