ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ ഏകദേശം 16% കുറഞ്ഞതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. നഗരത്തിൽ കൂടാതെ വീടുകളുടെ വിലയും ലിസ്റ്റിങും കുറഞ്ഞതായി ബോർഡ് അറിയിച്ചു. നവംബറിൽ 5,010 വീടുകൾ കൈമാറ്റം ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 15.8% കുറവ്. വീടുകളുടെ വിൽപ്പനയിൽ ഒക്ടോബറിനെ അപേക്ഷിച്ച് 0.6% കുറവും ഉണ്ടായതായി ബോർഡ് പറയുന്നു.

ഒപ്പം വീടുകളുടെ വിലയും കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശരാശരി വിൽപ്പന വില 6.4% കുറഞ്ഞ് 1,039,458 ഡോളറിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം കുറവിൽ നവംബറിൽ വിപണിയിൽ 11,134 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. അതേസമയം, ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ ആകെ 24,549 സജീവ ലിസ്റ്റിങ്ങുകൾ ഉള്ളതിനാൽ ഇൻവെന്‍ററി 16.8% ഉയർന്നു.
