കാലിഫോർണിയ : പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം തകര്‍ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. കാലിഫോര്‍ണിയയിലെ ട്രോണ വിമാനത്താവളത്തിന് സമീപമാണ് യുഎസ് വ്യോമസേനയുടെ എലൈറ്റ് തണ്ടര്‍ബേര്‍ഡ്‌സ് വിഭാഗതത്തില്‍പ്പെട്ട എഫ്-16 പോര്‍വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ നിന്നും പൈലറ്റ് പാരച്ച്യൂട്ടില്‍ നിലത്തിറങ്ങി. ഇതിനു പിന്നാലെ വിമാനം തീഗോളമായി. അപകടത്തിൽ പൈലറ്റിന് നിസ്സാര പരുക്കേറ്റു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

യുഎസ് നാവികസേനയുടെ പ്രധാന പരീക്ഷണ കേന്ദ്രമായ നേവല്‍ എയര്‍ വെപ്പണ്‍സ് സ്റ്റേഷന്‍ ചൈനാ ലേക്കിൽ നിന്നും പരിശീലനത്തിനായി ആറ് തണ്ടര്‍ബേര്‍ഡ്‌സ് ജെറ്റുകളാണ് പറന്നുയര്‍ന്നത്. ഇതില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പ്രാഥമിക പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ഫോഴ്സ് പബ്ലിക് അഫയേഴ്സ് ഓഫീസ് അറിയിച്ചു.
