ഓട്ടവ : പിസ്ത, പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാൽമൊണെല്ല അണുബാധയെ തുടർന്ന് ആറ് പ്രവിശ്യകളിലായി 155 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഹെൽത്ത് കാനഡ.മാർച്ച് മുതൽ ആരംഭിച്ച സാൽമൊണെല്ല ബാധയെതുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരിൽ 70% പേരും സ്ത്രീകളാണെന്ന് ഏജൻസി പറയുന്നു.
ബാധിക്കപ്പെട്ട പ്രവിശ്യകൾ
ഒന്റാരിയോ: 58 കേസുകൾ
കെബെക്ക്: 77 കേസുകൾ
ബ്രിട്ടിഷ് കൊളംബിയ: 9 കേസുകൾ
ആൽബർട്ട: 7 കേസുകൾ
മാനിറ്റോബ: 3 കേസുകൾ
ന്യൂബ്രൺസ്വിക്ക്: 1 കേസ്
പിസ്ത, ദുബായ് സ്റ്റൈൽ ചോക്ലേറ്റ് എന്നിവയിൽ സാൽമൊണെല്ല ബാധ കണ്ടെത്തിയതിനെത്തുടർന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വിവിധ ബ്രാൻഡുകളുടെ പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചു. മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ ഇറാനിൽ നിന്നുള്ള പിസ്തയും ഇറാനിയൻ പിസ്ത ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളും ഒഴിവാക്കണമെന്ന് ഉപഭോക്താക്കളോട് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
