Tuesday, December 9, 2025

പൊലീസ് വെടിവെപ്പിൽ 15-കാരൻ കൊല്ലപ്പെട്ട സംഭവം: 22 ലക്ഷം ഡോളർ നഷ്ടപരിഹാര കേസ് നൽകി കുടുംബം

മൺട്രിയോൾ: ലോംഗ്യൂയിലിന് സമീപം പൊലീസ്‌ വെടിയേറ്റ് കൊല്ലപ്പെട്ട 15 വയസ്സുള്ള നൂറാൻ റെസായിയുടെ കുടുംബം സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും ലോംഗ്യൂയിൽ നഗരഭരണകൂടത്തിനും എതിരെ സിവിൽ കേസ് ഫയൽ ചെയ്തു. വെടിവെപ്പിന് കാരണമായേക്കാവുന്ന സാഹചര്യങ്ങൾ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് 22 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഈ കേസിൽ ഉന്നയിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് കാർ നിർത്തി 10 സെക്കൻഡിനുള്ളിൽ തന്നെ നൂറാൻ റെസായിക്ക് വെടിയേറ്റതായി കുടുംബത്തിന്റെ അഭിഭാഷകർ ആരോപിച്ചു. ഉദ്യോഗസ്ഥൻ നിലത്ത് കിടക്കാൻ ആവശ്യപ്പെട്ട് അലറി വിളിച്ച് മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ വെടിയൊച്ച കേട്ടു എന്നാണ് ആരോപണം. ലോംഗ്യൂയിൽ പൊലീസ് അകാരണവും അമിതവുമായ ബലപ്രയോഗം നടത്തിയെന്ന് റെസായിയുടെ കുടുംബം വാദിക്കുന്നത്‌.

തൻ്റെ മകനെ ഒരു കാരണവുമില്ലാതെയാണ്‌ കൊന്നതെന്നും ചിരിച്ചും സന്തോഷത്തോടെയും ഒരു സാധാരണ ജീവിതം സ്വപ്നം കണ്ടിരുന്നവനാണ് അവനെന്നും മരിച്ച നൂറാന്റെ അമ്മ ഫാഹിമ റെസായി പറഞ്ഞു. ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ എന്തിനാണ് ആ ഉദ്യോഗസ്ഥൻ രണ്ട് വെടിയുണ്ടകൾ അവനിലേക്ക് ഉതിർത്തതെന്നും നിലത്ത് കിടക്കാൻ അഞ്ച് സെക്കൻഡ് പോലും അവർ അവന് നൽകിയില്ലെന്നും അവർ പറഞ്ഞു. വെടിവെപ്പ് നടന്ന് അഞ്ച് മണിക്കൂറിലധികം കഴിഞ്ഞ ശേഷമാണ് പൊലീസ് മരണം സംബന്ധിച്ച് വിവരം കുടുംബത്തെ അറിയിച്ചത്‌. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സായുധരായ ഒരു കൂട്ടം യുവാക്കൾ പൊതുസ്ഥലത്തുണ്ടെന്ന 911 കോളിനോട് പ്രതികരിച്ചാണ് പൊലീസ് എത്തിയത്.

കെബെക്കിലെ സ്വതന്ത്ര പോലീസ് വാച്ച് ഡോഗ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത ഒരേയൊരു തോക്ക് വെടിവെച്ച പോലീസുദ്യോഗസ്ഥന്റേതായിരുന്നു. ഒരു ബേസ്ബോൾ ബാറ്റ്, ഒരു ബാക്ക്പാക്ക്, സ്കീ മാസ്കുകൾ എന്നിവ മാത്രമാണ് കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധങ്ങളൊന്നും സ്ഥലത്തുനിന്ന് പിടിച്ചെടുത്തില്ല. റെസായിയും മറ്റ് അഞ്ച് കൂട്ടുകാരും റോഡരികിൽ ഇരുന്ന് ഫോണിൽ കളിക്കുമ്പോഴാണ്‌ പൊലീസ് കാർ അമിത വേഗതയിൽ എത്തിയതും കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതും പൊലീസ്‌ വെടിയേറ്റതും. പോലീസിന്റെ വംശീയ പക്ഷപാതിത്വവും സംഭവത്തിന് കാരണമായിട്ടുണ്ടെന്ന് അഭിഭാഷകർ ആരോപിക്കുന്നു. നിലവിൽ സംഭവത്തെക്കുറിച്ച് മൺട്രിയോൾ പോലീസ് ക്രിമിനൽ അന്വേഷണം നടത്തുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!