ലണ്ടൻ: വ്യാജനിർമിതി എളുപ്പമല്ലാത്ത ഡിജിറ്റൽ ഫ്രണ്ട്‌ലി പാസ്പോർട്ടായി രൂപം മാറുകയാണ് ബ്രിട്ടിഷ് പാസ്പോർട്ട്. ഈ മാസം ഒന്നുമുതൽ ബ്രിട്ടനിൽ ഇത്തരത്തിലുള്ള പുതിയ പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങി. ബ്രിട്ടിഷ് പാസ്‌പോർട്ടിന്റെ രൂപകൽപ്പനയിൽ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ ഹോം ഓഫിസ് സമൂലമായ മാറ്റങ്ങൾ വരുത്തിയത്. ഏറ്റവും സുരക്ഷിതമായ ബ്രിട്ടിഷ് പാസ്‌പോർട്ട്’ എന്നാണ് പുതിയ പാസ്‌പോർട്ടിനെ ഹോം ഓഫീസ് വിശേഷിപ്പിക്കുന്നത്. ഡിസംബർ മുതൽ വിതരണം ചെയ്യുന്ന പുതിയ പാസ്‌പോർട്ടിൽ കിംഗ് ചാൾസ് മൂന്നാമന്റെ രാജകീയ ചിഹ്നം (Coat of Arms) ഇടംപിടിക്കും. ഇത് വലിയൊരു മാറ്റത്തിൻ്റെ ആരംഭമാണെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം കിങ് ചാൾസ് മൂന്നാമന്റെ ചിഹ്നമാണ് ഇനി പാസ്‌പോർട്ടിൽ ഉണ്ടാവുക. ചിഹ്നത്തിലെ കിരീടം കൂടുതൽ വൃത്താകൃതിയിൽ, അഥവാ ‘ഡോം’ ആകൃതിയിൽ ആയി. 2022-ൽ അധികാരമേറ്റ ശേഷം കിങ് ചാൾസ് തിരഞ്ഞെടുത്ത ട്യൂഡർ കിരീടത്തിന്റെ (Tudor Crown) മാതൃകയാണിത്. സർക്കാർ കെട്ടിടങ്ങളിലും തപാൽ പെട്ടികളിലും ഉപയോഗിക്കുന്ന അതേ ചിഹ്നം. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് ‘സെന്റ് എഡ്വേർഡ്‌സ് കിരീടമാണ്’ ഉപയോഗിച്ചിരുന്നത്.

ചിഹ്നത്തിന്റെ മധ്യഭാഗത്തെ പരിചയ്ക്ക് (Shield) കൂടുതൽ വിശദാംശങ്ങളും വലിപ്പവും നൽകിയിട്ടുണ്ട്. പരിചയുടെ ഇരുവശങ്ങളിലുമുള്ള സിംഹം (ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത്), യൂണികോൺ (സ്കോട്ട്ലൻഡിനെ പ്രതിനിധീകരിക്കുന്നത്) എന്നിവയ്ക്കും മാറ്റം വരുത്തി. ഇവയുടെ മുഖഭാവങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുകയും ശരീരവും വാലും നേർത്ത രൂപത്തിലാക്കുകയും ചെയ്തു.: “Dieu et mon droit” എന്ന രാജകീയ ആപ്തവാക്യം പുതിയ പതിപ്പിലുമുണ്ട്. വ്യാജരേഖ ചമയ്ക്കുന്നത് തടയാൻ അത്യാധുനിക ആന്റി-ഫോർജറി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിപ്പിച്ച പേജിൽ പുതിയ ഹോളോഗ്രാഫിക് സുരക്ഷാ സവിശേഷതകൾ ചേർത്തു. അതിർത്തികളിലെ പരിശോധന എളുപ്പമാക്കാനും വ്യാജമായി നിർമ്മിക്കാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. പാസ്‌പോർട്ടിന്റെ അകത്തെ വീസ പേജുകളിൽ ബ്രിട്ടനിലെ നാല് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുനെസ്കോ സംരക്ഷിത പ്രകൃതിദൃശ്യങ്ങളുടെ ചിത്രങ്ങളുമുണ്ട്. ബെൻ നെവിസ്, ദി ലേക്ക് ഡിസ്ട്രിക്റ്റ്, ത്രീ ക്ലിഫ്‌സ് ബേ, ജയന്റ്‌സ് കോസ്‌വേ എന്നിവയാണിവ. നിലവിലുള്ള പാസ്‌പോർട്ടുകൾ കാലാവധി തീരുന്നത് വരെ പൂർണ്ണമായും സാധുവായിരിക്കും. ഡിസംബർ മാസം മുതൽ അപേക്ഷിക്കുന്നവർക്ക് പുതിയ രൂപകൽപ്പനയിലുള്ള പാസ്‌പോർട്ടുകൾ ലഭിച്ചുതുടങ്ങും.
