ടൊറൻ്റോ : ജൂൺ ആദ്യം മുതൽ ഒക്ടോബർ പകുതി വരെ നീണ്ടുനിന്ന വേനൽക്കാല അവധിക്ക് ശേഷം ഒൻ്റാരിയോ നിയമസഭ 14 ആഴ്ച നീളുന്ന അവധി എടുക്കാൻ പോകുന്നു. സാധാരണയായി ഫാമിലി ഡേയ്ക്ക് ശേഷം ഫെബ്രുവരി പകുതിയോടെ പ്രവിശ്യാ പാർലമെൻ്റ് അംഗങ്ങൾ ക്വീൻസ് പാർക്കിൽ തിരികെയെത്താറുണ്ട്. എന്നാൽ, ഇത്തവണ മാർച്ച് 23 ആയിരിക്കും നിയമസഭ ഇനി ചേരുകയെന്ന് ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവ് ക്ലാർക്ക് പറഞ്ഞു. 2025-ൽ ഒൻ്റാരിയോ നിയമസഭ ആകെ 51 ദിവസം മാത്രമാണ് യോഗം ചേർന്നത്.

എന്നാൽ, ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. വേനൽ അവധിക്ക് ശേഷം സഭ പുനഃരാരംഭിച്ച് രണ്ടു മാസത്തിനുള്ളിൽ വീണ്ടും 14 ആഴ്ചത്തെ ശൈത്യകാല അവധി എടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. “അത് ഭ്രാന്താണ്,” ലിബറൽ പാർലമെന്‍ററി ലീഡർ ജോൺ ഫ്രേസർ പറഞ്ഞു. സർക്കാർ ജനാധിപത്യത്തെ മറികടക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ കുറ്റപ്പെടുത്തി.
