ഓട്ടവ: ബ്രെഡ് വില തട്ടിപ്പ് കേസിൽ 50 കോടി ഡോളർ നഷ്ടപരിഹാരത്തിനായി കനേഡിയൻ ഉപഭോക്താക്കൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ലോബ്ലോസ്, ജോർജ് വെസ്റ്റൺ കമ്പനികൾ ബ്രെഡിന്റെ വില നിയമവിരുദ്ധമായി വർധിപ്പിച്ചുവെന്ന ആരോപണത്തിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ച ക്ലാസ്-ആക്ഷൻ കേസിൽ അപേക്ഷകൾ സ്വീകരിക്കുന്നത് . 2001 ജനുവരി മുതൽ 2021 ഡിസംബർ വരെ പാക്കറ്റ് ബ്രെഡ് വാങ്ങിയ ഉപഭോക്താക്കൾ കനേഡിയൻ ബ്രെഡ് സെറ്റിൽമെൻ്റ് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് കോടതി അറിയിച്ചു.
അപേക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ അപേക്ഷകർക്ക് ആറ് മുതൽ 12 മാസങ്ങൾക്കുള്ളിൽ 25 ഡോളർ വീതം നഷ്ടപരിഹാരമായി ലഭിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. 50 കോടി ഡോളർ നഷ്ടപരിഹാരത്തിൽ 34 കോടി ഡോളർ ലോബ്ലോവും ജോർജ് വെസ്റ്റണും നേരിട്ട് നൽകും. ബാക്കിയുള്ള 16 കോടി ഡോളർ ഉപഭോക്താക്കൾക്ക് 2018-ലും 2019-ലും ലോബ്ലോ നൽകിയ ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ തുകയായി കണക്കാക്കുമെന്ന് കമ്പനി അറിയിച്ചു.

മുൻപ് ലോബ്ലോ ഗിഫ്റ്റ് കാർഡ് ലഭിച്ച ഉപഭോക്താക്കൾക്ക് മറ്റ് നഷ്ടപരിഹാര വിതരണങ്ങൾ പൂർത്തിയായ ശേഷം ഫണ്ട് ബാക്കിയുണ്ടെങ്കിൽ ഈ ഒത്തുതീർപ്പ് തുകയിൽ നിന്ന് വീണ്ടും നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടാകും. അതിനാൽ, നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള കനേഡിയൻ ഉപഭോക്താക്കൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
