ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്. ട്രംപിന്റെ വിശ്വസ്ത സഹായിയായ ഇവർ വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് വിവാദപരാമർശങ്ങൾ. ട്രംപ് മദ്യപാനിയാണെന്നും അവസരം എപ്പോൾ ലഭിച്ചാലും പ്രതികാരം ചെയ്യുമെന്നും വൈൽസ് പറഞ്ഞു. ട്രംപിന്റെ മുൻ സഖ്യകക്ഷിയായിരുന്ന ടെസ്ല സിഇഒ ഇലോൺ മസ്കിനെ ‘കെറ്റാമൈൻ ഉപഭോക്താവ്’എന്നും സൂസി വൈൽസ് വിശേഷിപ്പിച്ചു. മസ്ക് പകൽ സമയത്ത് എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിങ്ങിൽ സ്ലീപ്പിങ് ബാഗിൽ ഉറങ്ങുന്ന വിചിത്രജീവിയാണെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ അമേരിക്കയുടെ ‘ഗൂഢാലോചനാ സിദ്ധാന്തക്കാരൻ’ എന്നാണ് സൂസി വൈസ് വിശേഷിപ്പിച്ചത്. എങ്കിൽപ്പോലും 2028-ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പിന്തുണയ്ക്കുന്ന ആദ്യത്തെ ആളുകളിൽ താനുണ്ടാകുമെന്നും അവർ പറഞ്ഞു. യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുടെ എപ്സ്റ്റൈൻ ഫയലുകൾ കൈകാര്യം ചെയ്ത രീതിയിലും വൈൽസിന് എതിർപ്പുണ്ട്.എപ്സ്റ്റൈൻ ഫയലുകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെതിരെ കുറ്റകരമായ തെളിവുകളുണ്ടെന്ന ട്രംപിന്റെ വാദം തെറ്റാണെന്നും വൈൽസ് പറഞ്ഞു.

പരാമർശങ്ങൾ വിവാദമായതോടെ, അഭിമുഖം തനിക്കെതിരായ ഗൂഢാലോചനയാണെന്ന് സൂസി വൈൽസ് ആരോപിച്ചു. ട്രംപിനെക്കുറിച്ചും ടീമിനെക്കുറിച്ചും പറഞ്ഞ നല്ല കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട്, ഭരണകൂടത്തെക്കുറിച്ച് പ്രതികൂലമായ ചിത്രം വരച്ചുകാട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാക്കുകൾ വളച്ചൊടിച്ചുവെന്ന് അവർ എക്സിൽ കുറിച്ചു. പതിനൊന്ന് മാസത്തിനുള്ളിൽഏതൊരു പ്രസിഡന്റും എട്ട് വർഷത്തിനുള്ളിൽ നേടിയതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ ട്രംപ് കൈവരിച്ചിട്ടുണ്ടെന്നും ട്രംപിന്റെ അതുല്യമായ നേതൃത്വവും ദർശനവുമാണ് ഇതിന് കാരണമെന്നും അവർ കുറിച്ചു.
