എഡ്മിന്‍റൻ : നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ ബുധനാഴ്ച വൈകുന്നേരം മുതൽ നഗരവ്യാപകമായി പാർക്കിങ് നിരോധനം ആരംഭിക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. ബുധനാഴ്ച നഗരത്തിൽ 10-20 സെന്റീമീറ്റർ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഉണ്ടാകാം.

ഒന്നാം ഘട്ട പാർക്കിങ് നിരോധനം ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മഞ്ഞുവീഴ്ചയെ ആശ്രയിച്ച് മൂന്ന് മുതൽ അഞ്ച് ദിവസം വരെ നിരോധനം നീണ്ടുനിൽക്കുമെന്ന് സിറ്റി അധികൃതർ റിപ്പോർട്ട് ചെയ്തു. ഒന്നാം ഘട്ട പാർക്കിങ് നിരോധന സമയത്ത്, മഞ്ഞ് നീക്കം ചെയ്യൽ പൂർത്തിയാകുന്നതുവരെ ദിവസം മുഴുവൻ ആർട്ടീരിയൽ റോഡുകളിലോ, കളക്ടർ റോഡുകളിലോ, ബസ് റൂട്ടുകളിലോ വാഹന പാർക്കിങ് അനുവദിക്കില്ല. ജീവനക്കാർ മഞ്ഞ് നീക്കം ചെയ്തുകഴിഞ്ഞാൽ സാധാരണയായി അനുവദനീയമായ റോഡുകളിൽ വീണ്ടും പാർക്കിങ് അനുവദിക്കും. പാർക്കിങ് നിരോധനം പാലിക്കാത്തവരിൽ നിന്നും 250 ഡോളർ പിഴ ഈടാക്കുമെന്നും സിറ്റി അധികൃതർ അറിയിച്ചു.
