ടൊറന്റോ: 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ആഴ്ചയിൽ ഒരു ദിവസം സൗജന്യ ബസ്, ട്രെയിൻ യാത്രകൾ നൽകുന്ന പുതിയ പദ്ധതിയുമായി വാട്ടർലൂ. 2026 ജൂലൈ മുതൽ ആറ് മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞ വരുമാനത്തിൽ കഴിയുന്ന മുതിർന്ന പൗരന്മാർക്ക് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തുപോകാൻ ഈ നീക്കം വലിയ സഹായമാകുമെന്ന് കൗൺസിലർ പറഞ്ഞു.
ഈ പദ്ധതി വഴി ഏകദേശം 2.5 ലക്ഷം ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. എങ്കിലും, മിസ്സിസാഗ, ഹാമിൽട്ടൺ തുടങ്ങിയ നഗരങ്ങളിൽ ഇത്തരം പദ്ധതികൾ വിജയകരമാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. സൗജന്യ യാത്രകൾ വഴി മുതിർന്നവർക്ക് പൊതുഗതാഗതം ശീലമാകുമെന്നും ഇത് മറ്റ് ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും കിച്ചനർ മേയർ അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഗ്രാൻഡ് റിവർ ട്രാൻസിറ്റിന്റെ (GRT) മൊബൈൽ ആപ്പ് ഉപയോഗിച്ചായിരിക്കും എത്രപേർ ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നത്. മുതിർന്നവരുടെ ഒറ്റപ്പെടൽ ഒഴിവാക്കാനും അവരെ സമൂഹത്തിന്റെ ഭാഗമായി നിലനിർത്താനും ഈ സൗജന്യ യാത്രകൾ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
