വാഷിങ്ടൺ: അമേരിക്കയില്‍ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ‘ഷെഡ്യൂള്‍ 1’ (Schedule I) വിഭാഗത്തിൽ ഉൾപ്പെട്ട കഞ്ചാവ് ‘ഷെഡ്യൂള്‍ 3’ (Schedule III) വിഭാഗത്തിലേക്ക് മാറും. കെറ്റാമിന്‍, അനാബോളിക് സ്റ്റിറോയിഡുകള്‍ എന്നിവ ഈ വിഭാഗത്തിലാണ് വരുന്നത്. കഞ്ചാവിനെ കുറഞ്ഞ അപകടസാധ്യതയുള്ള ലഹരിവസ്തുവായി പുനര്‍വര്‍ഗ്ഗീകരിക്കാനാണ് ട്രംപ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കഞ്ചാവിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും അപകടസാധ്യതകളും ചികിത്സാ സാധ്യതകളും മനസ്സിലാക്കുന്നതിനായി അവയെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണം വർധിപ്പിക്കുക എന്നതാണ് ഉത്തരവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് കൺട്രോൾഡ് സബ്സ്റ്റൻസസ് ആക്ട് പ്രകാരം, ഹെറോയിന്‍, എല്‍.എസ്.ഡി എന്നിവയോടൊപ്പമാണ് കഞ്ചാവ് ഷെഡ്യൂള്‍ 1 പട്ടികയിലുള്ളത്. അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡി.സിയിലും നിലവില്‍ വിനോദ ആവശ്യങ്ങള്‍ക്കായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാല്‍ ഫെഡറല്‍ തലത്തില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
