വാഷിങ്ടൺ ഡിസി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിലെ 68 ഫോട്ടോകൾ കൂടി പുറത്ത്. എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവർസൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടുമെന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്. മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകകോടീശ്വരന്മാരിലൊരാളുമായ ബിൽ ഗേറ്റ്സ്, ചിന്തകൻ നോം ചോംസ്കി എന്നിവരാണ് ചിത്രങ്ങളിലുള്ളത്. പുറത്തുവിട്ട പല ചിത്രങ്ങളിലെയും യുവതികളുടെ മുഖങ്ങൾ മറച്ചിട്ടുണ്ട്. അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവയും ഈ യുക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് കൂടുതലും.

ഇതോടൊപ്പം, സ്ത്രീകളെ കൈമാറ്റം ചെയ്‌തു എന്ന് സംശയം തോന്നുന്ന തരത്തിലുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുമുണ്ട്. ‘പെൺകുട്ടികളെ അയക്കാം’, ‘ഒരു പെൺകുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത്’, ആരെങ്കിലും ‘ജെ’ യ്ക്ക് അനുയോജ്യമായിരിക്കും’ എന്നും ചാറ്റിൽ പറയുന്നു. നോം ചോംസ്കി ജെഫ്രി എപ്‌സ്റ്റീനൊപ്പം ഒരു വിമാനത്തിൽ ഇരിക്കുന്ന ചിത്രവും പുറത്തുവന്നു. ബിൽ ഗേറ്റ്സ് ഒരു യുവതിക്കൊപ്പം നിൽക്കുന്ന ചിത്രവുമുണ്ട്. സിനിമാ സംവിധായകൻ വൂഡി അലൻ, ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനോൺ എന്നിവരും ചിത്രങ്ങളിലുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ എന്നിവരുമുണ്ടായിരുന്നു. എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റിൻ്റെ പിന്തുണയോടെയാണ് രേഖകൾ പുറത്തുവിട്ടത്. ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ട്രംപ് ഒപ്പുവച്ചിരുന്നു.
