കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ തുല്യനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
സാധാരണക്കാരായ മനുഷ്യരുടെ ആകുലതകളും നിസ്സഹായതകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്. 1956 ഏപ്രില്‍ 4-ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച അദ്ദേഹം, മദ്രാസ് ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം 1977-ല്‍ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നീ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് മലയാള സിനിമയുടെ സുവര്‍ണ്ണകാലം തീര്‍ത്ത ഒട്ടനവധി തിരക്കഥകള്‍ അദ്ദേഹം രചിച്ചു. സന്ദേശം, നാടോടിക്കാറ്റ്, വരവേല്പ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയവ തലമുറകള്‍ കഴിഞ്ഞും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നവയാണ്. 1991-ല്‍ പുറത്തിറങ്ങിയ ‘സന്ദേശം’ എന്ന ചിത്രം ഇന്നും കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യമായി വിലയിരുത്തപ്പെടുന്നു.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തമിഴ് സൂപ്പര്‍താരം രജനികാന്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മലയാളികളുടെ ചിന്തകളെയും ചിരിയെയും ഒരുപോലെ സ്വാധീനിച്ച ആ വലിയ കലാകാരന്റെ വേര്‍പാടില്‍ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
വിമലയാണ് ഭാര്യ. പ്രശസ്ത ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്, നടന് ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ മക്കളാണ്.
