വാഷിങ്ടണ്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ അമേരിക്ക വന്‍തോതിലുള്ള വ്യോമാക്രമണം നടത്തി. ‘ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിലൂടെ ഐഎസിന്റെ എഴുപതോളം കേന്ദ്രങ്ങളാണ് തകര്‍ത്തത്. ഡിസംബര്‍ 13-ന് സിറിയയിലെ പാല്‍മിറയില്‍ ഐഎസ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നീക്കം.
മധ്യ സിറിയയിലെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍, ആയുധപ്പുരകള്‍, ഒളിത്താവളങ്ങള്‍ എന്നിവയുള്‍പ്പെടെ 70-ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തു. നൂറിലധികം കൃത്യതയാര്‍ന്ന മിസൈലുകളും ബോംബുകളുമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. യുഎസ് വ്യോമസേനയുടെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിള്‍സ്, എ-10 തണ്ടര്‍ബോള്‍ട്ട് വിമാനങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ഹിമാര്‍സ് റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ആക്രമണത്തില്‍ പങ്കെടുത്തു. ജോര്‍ദാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഈ നീക്കത്തിന് പിന്തുണ നല്‍കി.

‘ഇതൊരു പുതിയ യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്’ എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയത്. അമേരിക്കക്കാരെ തൊട്ടാല്‍ ലോകത്തെവിടെയായാലും വേട്ടയാടി കൊല്ലുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ നിലവില്‍ ഏകദേശം 1,000 യുഎസ് സൈനികര്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. പുതിയ സിറിയന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് അമേരിക്ക ഈ മേഖലയില്‍ ഇപ്പോള്‍ ഭീകരവേട്ട തുടരുന്നത്.
