പി പി ചെറിയാൻ
ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികൾ ജനുവരി പത്തിന് നടക്കും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണി മുതൽ 8:30 വരെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ അസോസിയേഷന്‍റെ 50-ാം വാർഷികാഘോഷങ്ങൾക്കും തുടക്കം കുറിക്കും. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനും മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഷിജു അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും.

ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാലസിലെ വിവിധ കലാ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കാരൾ ഗീതങ്ങൾ എന്നിവയോടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുമെന്ന് അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
