എഡ്മിന്‍റൻ : കഴിഞ്ഞ ആഴ്ച നഗരത്തിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്ന് പ്രാബല്യത്തിൽ വന്ന ഒന്നാം ഘട്ട പാർക്കിങ് നിരോധനം ഇന്ന് അവസാനിക്കും. തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് നിരോധനം പിൻവലിക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. ആർട്ടീരിയൽ, കളക്ടർ റോഡുകൾ, ബസ് റൂട്ടുകൾ, ബിസിനസ് ഇംപ്രൂവ്മെൻ്റ് ഏരിയകൾക്കുള്ളിലെ റോഡുകൾ എന്നിവയിൽ നിന്നും അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യുന്നതിനാണ് പാർക്കിങ് നിരോധനം ഏർപ്പെടുത്തിയത്.

ജീവനക്കാർ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടരും. റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ റോഡുകൾക്കുള്ള രണ്ടാം ഘട്ട പാർക്കിങ് നിരോധനം ഇപ്പോൾ നടപ്പാക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ജീവനക്കാർ ജോലി ചെയ്യുമ്പോൾ ഈ പ്രദേശങ്ങളിലെ തെരുവുകളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
പാർക്കിങ് നിരോധനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് : https://www.edmonton.ca/transportation/on_your_streets/snow-ice?utm_source=virtualaddress&utm_campaign=safetravels
