പി പി ചെറിയാൻ
സിയാറ്റിൽ : അലർജി സാധ്യതയെ തുടർന്ന് സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻസ് ചോക്ലറ്റ്സ് ബ്രാൻഡ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ചോക്ലറ്റിൽ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റിൽ രേഖപ്പെടുത്താത്തതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ‘ഫ്രാൻസ് പ്യുവർ ബാർ ആൽമണ്ട് മിൽക്ക് ചോക്ലറ്റിൽ’ ഹേസൽനട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹേസൽനട്ട് അലർജിയുള്ളവർ ഈ ചോക്ലറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനു വരെയും കാരണമാകും. 1.1oz വലിപ്പമുള്ള ‘46% മഡഗാസ്കർ പ്ലാൻ്റ്-ബേസ്ഡ്’ ചോക്ലറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്.

ഒക്ടോബർ 9 മുതൽ ഡിസംബർ 14 വരെ ഓൺലൈനായും നേരിട്ടും വാങ്ങിയവർ ഇത് ഉപയോഗിക്കരുതെന്ന് യുഎസ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചോക്ലറ്റ് കഴിച്ചതുമായി ബന്ധപ്പെട്ട് ഒരാൾക്ക് അലർജി ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് ഉടൻ തന്നെ വാങ്ങിയ ഇടങ്ങളിൽ തിരികെ നൽകി പണം കൈപ്പറ്റണമെന്ന് എഫ്.ഡി.എ നിർദ്ദേശിച്ചു. സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെത്തുടർന്ന് മറ്റൊരു ഭക്ഷ്യ ഉൽപ്പന്നമായ ‘പബ്ലിക്സ് റൈസ് ആൻഡ് പീജിയൻ പീസും’ സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.
