ഓട്ടവ: പിൽസ്ബറി ബ്രാൻഡ് ‘പിസ്സ പോപ്സ്’ (Pizza Pops) കഴിച്ചവരിയിൽ ഇ- കോളി ബാധ കണ്ടെത്തിയ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം. അഞ്ചുപേരെ ഇതിനകം ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കാനഡയിലെ ഏഴ് പ്രവിശ്യകളിലായി ഇതുവരെ 23 പേർക്ക് ഇ കോളി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം മുതൽ നവംബർ അവസാനം വരെയുള്ള കാലയളവിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. അതേ സമയം ലാബുകളിൽ കണ്ടെത്തിയ കേസുകൾക്ക് പുറമേയുള്ള, 32 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി.

‘പെപ്പറോണി ആൻഡ് ബേക്കൺ’ ഫ്ലേവറുകളിലുള്ള പിസ്സ പോപ്സുകളാണ് വിപണിയിൽ നിന്നും തിരിച്ചുവിളിച്ചിരിക്കുന്നത്. ഇവയുടെ കാലാവധി 2026 ജൂൺ വരെയാണ്. മിക്കവരും ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുമെങ്കിലും, ചിലർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ ജാഗ്രത പുലർത്തണം. നിങ്ങളുടെ ഫ്രീസറിൽ ഈ ഉൽപ്പന്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ അവ ഉപയോഗിക്കാതെ നശിപ്പിച്ചു കളയുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യുക. മൈക്രോവേവ് ഉപയോഗിച്ച് ചൂടാക്കിയാലും ഇ കോളി ബാക്ടീരിയകൾ പൂർണ്ണമായും നശിക്കണമെന്നില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
