ടെഹ്റാന്‍: അമേരിക്ക, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇറാന്‍ ഇപ്പോള്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധം നേരിടുകയാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഔദ്യോഗിക വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
രാജ്യം സ്വന്തം കാലില്‍ നില്‍ക്കുന്നത് തടയാന്‍ അമേരിക്കയും ഇസ്രായേലും ചില യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് ഇറാനെതിരെ സര്‍വ്വസജ്ജമായ നീക്കം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1980-88 കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഇറാന്‍-ഇറാഖ് യുദ്ധത്തേക്കാള്‍ സങ്കീര്‍ണ്ണവും പ്രയാസമേറിയതുമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് അദ്ദേഹം വിലയിരുത്തി. സെപ്റ്റംബറില്‍ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പ്രസ്താവന പുറത്തുവരുന്നത്. ഇറാനെതിരായ ഭാവി ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹു പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ 12 ദിവസം നീണ്ടുനിന്ന കടുത്ത സൈനിക സംഘര്‍ഷം നിലനിന്നിരുന്നു. ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. ശക്തമായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയിലും രാജ്യം പ്രതിരോധം തുടരുമെന്നും, ശത്രുക്കളുടെ നീക്കങ്ങളെ സങ്കീര്‍ണ്ണമായ രീതിയില്‍ തന്നെ നേരിടുമെന്നും മസൂദ് പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.
